കൽപ്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയിലെ ആദ്യഘട്ടമായ ഹർഷം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ജൂൺ 23ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.
പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടൽ നടക്കുക. പ്രളയബാധിതർക്കായി 58 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക. ഇതിൽ 52 പ്ലോട്ടുകൾക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. എഞ്ചിനിയേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സർക്കാർ വീടുകൾ നിർമ്മിക്കാനായി 4 ലക്ഷം രൂപ വീതം നൽകും. 58 വീടുകളും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൂർത്തീകരിക്കുക. സി.കെ.ശശീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന സ്പോൺസർമാരുടെ യോഗത്തിൽ വീടുകൾ പൂർത്തീകരിക്കാനുളള തുക നൽകാമെന്ന് സന്നദ്ധ സംഘടനാ പ്രതിനിധികൾ ഉറപ്പ് നൽകി. എസ്.വൈ.എസ് 6 എണ്ണം, എച്ച്.ആർ.പി.എം 5, തണൽ 5, പീപ്പിൾ ഫൗണ്ടേഷൻ 10, സി.സി.എഫ് 27, ആക്ടോൺ 5 എന്നിങ്ങനെയാണ് വീട് നിർമ്മാണത്തിന് സഹകരണം അറിയിച്ചത്. പ്രദേശത്തെ മറ്റ് ദുരന്ത ബാധിതർക്കായി കൂടുതൽ വീടുകൾ നിർമ്മിച്ച് നൽകാമെന്ന വാഗ്ദാനവും ഇവർ യോഗത്തിൽ അറിയിച്ചിട്ടുണ്ട്. നാല് മാസത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കണമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു. റീ ബിൽഡ് പുത്തുമലയ്ക്കായി എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ കൺവീനറും മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രഷററായും സമിതി രൂപീകരിച്ചു.