കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച കാഷ്വാലിറ്റി ട്രയാജ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് ഉദ്ഘാടനം ചെയ്തു. കാഷ്വാലിറ്റിയിൽ എത്തുന്ന രോഗികളെ രോഗ തീവ്രത അനുസരിച്ച് തരം തിരിച്ച് ചികിത്സ ലഭ്യമാക്കുന്നതാണ് രീതി. അടിയന്തര ചികിത്സ നൽകിയാൽ മാത്രം ജീവൻ രക്ഷപ്പെടുന്നവർ, ശ്രദ്ധ കുറഞ്ഞാലും ആരോഗ്യത്തെ ബാധിക്കാത്തവർ, പരിഗണിച്ചാലും ജീവൻ രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലാത്തവർ എന്നിങ്ങനെ തരം തിരിച്ചാണ് ചികിത്സ. റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങനെയാണ് തിരിക്കുക. ആശുപത്രി നിർമ്മിച്ച കൊവിഡ് പ്രതിരോധ ബോധവത്ക്കരണ ആനിമേഷൻ ഫിലിം പ്രദർശന ഉദ്ഘാടനവും നടന്നു. ആർ.എം.ഒ ഡോ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. നിർമ്മൽ രാജ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.ടി അഖിൽ, ഡോ. വി. സിന്ധു, പി.ആർ.ഒ സുനില, ഹെഡ് നഴ്‌സ് വി.കെ.കാതറിൻ, ടി.എൻ.സുധി, എച്ച്.എം.സി. അംഗം വി. ബാലൻ എന്നിവർ പങ്കെടുത്തു.