സുൽത്താൻ ബത്തേരി: ലോക്ഡൗണിലെ ഇളവുകളെ തുടർന്ന് പ്രവർത്തനമാരംഭിച്ച ബത്തേരിയിലെ ബാബർഷാപ്പുകളിൽ ഇന്നലെ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കൊവിഡ് നിബന്ധനകൾ പാലിക്കാതെ പ്രവർത്തിച്ച ബാർബർഷോപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
കൊവിഡ് നിയന്ത്രണം ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഭൂരിഭാഗം ബാർബർഷോപ്പുകളും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാൾക്ക് ഉപയോഗിച്ച ടൗവ്വൽ തന്നെയാണ് മറ്റ് പലർക്കും ഉപയോഗിക്കുന്നത്. കടകളിൽ സാനിറ്റൈസറോ കൈ കഴുകാനുള്ള സംവിധാനങ്ങളോ ഇല്ല. ഇത് ഗുരുതരമായ വീഴ്ചയാണ്. കൊറോണക്ക് മുമ്പുള്ള അതെ രീതിയിൽ തന്നെയാണ് മിക്ക ബാർബർഷോപ്പുകളും പ്രവർത്തിക്കുന്നത്.പ്രോട്ടോക്കോൾ ലംഘനം നടത്തുന്ന ബാർബർഷോപ്പുകൾ അടച്ചുപൂട്ടി കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ബാർബർഷോപ്പുകളിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ബാർബർഷോപ്പുകളുടെയും ബ്യുട്ടി പാർലർ ഉടമകളുടെയും യോഗം ചൊവ്വാഴ്ച വിളിച്ച്‌ചേർക്കാൻ നഗരസഭ തീരുമാനിച്ചു. ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് മുനിസിപ്പൽ ഹാളിൽ വെച്ച് നടക്കുന്നയോഗത്തിൽ നഗരസഭയിലെ എല്ലാ ബാർബർഷോപ്പ് ഉടമകളും ബ്യുട്ടി പാർലർ ഉടമകളും പങ്കെടുക്കണമെന്ന് മുൻസിപ്പൽ ചെയർമാൻ ടി.എൽ.സാബു അറിയിച്ചു.


ബത്തേരി പട്ടണത്തിൽ അണുനശീകരണം നടത്തി
20പേർ ക്വാറന്റൈനിൽ
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം കൊവിഡ് ബാധ കണ്ടെത്തിയ കൊയിലാണ്ടി സ്വദേശിയും ഇലക്ട്രീഷ്യനുമായ മുപ്പത്കാരനോടൊപ്പം താമസിച്ചുവന്ന നാല്‌ പേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവർ നാല്‌പേരെയും ഇവർ താമസിച്ചുവന്ന ക്വാർട്ടേഴ്സിലെ മറ്റ് പതിനഞ്ച്‌പേരെയും ഇന്നലെ ക്വാറന്റൈയിൽ പ്രവേശിപ്പിച്ചു.
ബത്തേരി നഗരസഭ പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഇലക്ട്രിക്കൽ ജോലിക്കായി എത്തിയതായിരുന്നു കൊയിലാണ്ടി സ്വദേശിയായ മുപ്പത്കാരൻ. കഴിഞ്ഞ രണ്ടാം തീയ്യതി ഹോട്ടൽകെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ്‌ ബാധ സ്ഥിരികരിച്ചിരുന്നു. ഒരു ഒഡീഷക്കാരനും മൂന്ന് ബംഗാൾ സ്വദേശികളുമായിരുന്നു. ഇതിൽ ഒരാൾ ഇപ്പോൾ രോഗം ബാധിച്ചതായി കണ്ട കൊയിലാണ്ടി സ്വദേശിയോടോപ്പമാണ് കുപ്പാടി വെള്ളപ്പാട്ടുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. അന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ക്വാറന്റൈയിൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ്‌ പൊസിറ്റീവ്‌ ആയി കണ്ടത്.

നേരത്തെ നടന്ന പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് ആയതിനാലും ക്വാറന്റൈയിൻ കാലാവധി കഴിഞ്ഞിരുന്നതിനാലും ഇയാൾ നിർമ്മാണം നടക്കുന്ന സ്ഥലത്ത് പോയതായാണ് വിവരം. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക്‌രോഗം പിടിപെട്ടതെന്നാണ് നിഗമനം.

പൊസിറ്റീവ്‌ കേസ് സ്ഥിരീകരിച്ച കുപ്പാടി വെള്ളപാട്ടും പരിസരത്തും അണുനശീകരണം നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ ബത്തേരിയിലെ ബസ്സ്റ്റാന്റുകൾ, വെയിറ്റിംഗ് ഷെഡുകൾ, പൊതുസ്ഥലങ്ങൾ, പൊതുശൗചാലയങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. രോഗം സ്ഥിരീകരിച്ച മേഖലയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം നടത്തുന്നുണ്ട്.


അതേസമയം വെള്ളപ്പാട്ട് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു. തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുകയും അവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ താമസിക്കുകയും ചെയ്ത ആൾക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇയാൾ ജൂൺ രണ്ട് മുതൽ ക്വാറന്റൈനിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതിനാൽ പൊതുജന സമ്പർക്കം കാര്യമായി ഉണ്ടാകാൻ ഇടയില്ല.

ഫോട്ടോ
0063- ബത്തേരി ബസ് സ്റ്റാന്റിൽ അണുനശീകരണം നടത്തുന്നു.