sreedharan

എടച്ചേരി: എടച്ചേരി സബ് രജിസ്ട്രാർ ഓഫീസിന് നൽകിയ മുറികളുടെ വാടക ആവശ്യപ്പെട്ട് കെട്ടിട ഉടമ. എടച്ചേരി കുറുങ്ങോട്ട് ശ്രീധരനാണ് മുടങ്ങിയ വാടക തുക മുൻനിശ്ചയിച്ചതു പ്രകാരം ലഭിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. പന്ത്രണ്ട് വർഷം മുമ്പ് എടച്ചേരി പുതിയങ്ങാടി ടൗണിലെ പഴകിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് മഴയിൽ ചോർന്നൊലിക്കുന്നത് കണ്ടാണ് കുറുങ്ങോട്ട് ശ്രീധരൻ കെട്ടിടം വാടകയ്ക്ക് നൽകാൻ തീരുമാനിച്ചത്. സഹോദരൻകൂടി അവകാശിയായ പുതിയങ്ങാടിയിലെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ 7 മുറികളായിരുന്നു വാടകയ്ക്ക് നൽകിയത്. മുറികളുടെ വിസ്തീർണം അളന്നു തിട്ടപ്പെടുത്തി 6976 രൂപ മാസ വാടകയും ഉറപ്പിച്ചു. എന്നാൽ 2009 ൽ വിട്ടു നൽകിയ കെട്ടിടത്തിന് ആദ്യം വാടക നൽകിയത് 2012ൽ. നിശ്ചയിച്ചതിലും 535 രൂപ കുറച്ചായിരുന്നു വാടക ലഭിച്ചത്. തുടർന്ന് നിയമ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. നേരത്തെ നിശ്ചയിച്ച വാടക വേണമെന്നും അല്ലാത്തപക്ഷം കെട്ടിടം ഒഴിയണമെന്നുമാണ് ശ്രീധരന്റെ വാദം. രണ്ടു തവണ ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീധരൻ കൈകാലുകൾക്ക് സ്വാധീനക്കുറവ് വന്നതോടെ വീട്ടിൽ വിശ്രമത്തിലാണ്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശ്രീധരന്റെ പ്രധാന വരുമാനമാർഗമാണ് മുടങ്ങിയിരിക്കുന്നത്.