മുങ്ങിമരണങ്ങൾ ഏറെയും വരുത്തിവെക്കുന്നത്
രാമനാട്ടുകര: മുന്നറിയിപ്പുകളൊന്നും അങ്ങനെ ആരും വകവെക്കുന്നേയില്ല. കടൽക്കരയിലായാലും പുഴയോരങ്ങളിലായാലും ജാഗ്രതാ ബോർഡുകൾ സ്ഥാപിച്ചത് വായിക്കാൻ പോലും ആളുകൾക്ക് നേരമില്ല. വിനോദം വെള്ളത്തിലിറങ്ങിയാവുമ്പോൾ ഒരു നിമിഷം മതി ആഴങ്ങളിൽ മുങ്ങിപ്പോവാൻ...
അടുത്തിടെയുണ്ടായ ദുരന്തങ്ങൾ കൂടി ഓർമ്മിപ്പിച്ചാണ് മീഞ്ചന്ത ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ സി.ദിനേശ് കുമാർ ഇങ്ങനെ വിരൽ ചൂണ്ടുന്നത്.
കേരളത്തിൽ കാലവർഷം വന്നെത്തി പത്തുനാൾ തികയും മുമ്പുതന്നെ പത്തിലധികം ജീവൻ വെള്ളത്തിൽ പൊലിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിൽ രണ്ടു കൊച്ചുകുട്ടികൾ മുങ്ങിമരിച്ചത്. കുളിയും കളിയും മീൻപിടിത്തവുമൊക്കെയായി പുഴയിലേക്കെത്തുന്നവരാണ് അധികവും. യുവാക്കളും കുട്ടികളും പ്രത്യേകിച്ചും. ജലനിരപ്പ് ഉയർന്ന്, ഒഴുക്കേറെയുള്ള സമയത്ത് നീന്തലറിഞ്ഞതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. കരുതിയില്ലെങ്കിൽ, സ്വയം രക്ഷകരായില്ലെങ്കിൽവിലപ്പെട്ട ജീവൻ വെള്ളത്തിൽ പൊലിയുകയേയുള്ളൂവെന്ന് ദിനേശ് കുമാർ പറയുന്നു.
കഴിഞ്ഞ വർഷത്തെ
കണക്ക് ഇങ്ങനെ
കാലവർഷത്തിന്റെ വരവോടെ എല്ലാ നദികളിലും ഒഴുക്ക് ക്രമാതീതമായി കൂടുന്നുണ്ട്. കഴിഞ്ഞ വർഷം കോഴിക്കോട് ജില്ലയിൽ മാത്രമുണ്ടായ ചില സംഭവങ്ങളിൽ തന്നെ കാണാം ജാഗ്രതക്കുറവിന്റെ നേർചിത്രം. കടലുണ്ടി കടവിന് സമീപം 2019 ഏപ്രിലിൽ ഒരു ജീവൻ പൊലിഞ്ഞത് കടലിൽ തെറിച്ചുപോയ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു. മേയിൽ വീണ്ടും അതേ ഭാഗത്ത്, കല്ലുമ്മക്കായ ശേഖരിക്കാൻ പോയ ആളെ തിരയിൽ പെട്ടു കാണാതായി. ജൂണിൽ ഇവിടെ കടലിലിറങ്ങിയ 17 കാരന് ജീവൻ നഷ്ടമായി. ഊർക്കടവിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനിയുടെയും ജീവൻ പൊലിഞ്ഞു. ജൂലായിൽ മുണ്ടിക്കൽതാഴം പാലക്കോട്ട് കുളത്തിൽ ഒരു ജീവൻ പൊലിഞ്ഞപ്പോൾ, തിരുവണ്ണൂർ ചിറയിൽ കുളിക്കാനിറങ്ങിയ മധ്യവയസ്ക്കൻ കാൽവഴുതി കുളത്തിൽ വീണും മറ്റൊരാൾക്ക് പുഴയിൽ വീണും മരിച്ചു. ജൂലായിൽ തന്നെ ഊർക്കടവ് - മണന്തല കടവിൽ വീണ്ടുമൊരു മുങ്ങി മരണമുണ്ടായി. സെപ്തംബറിൽ തിരുവമ്പാടി പതങ്കയത്ത് കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മലവെള്ളപ്പാച്ചിലിൽ പെട്ട യുവാവിന്റെ മൃതദേഹം അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താൻ കഴിഞ്ഞത്. അതേ മാസം ഊർക്കടവിൽ കുളിക്കാനിറങ്ങിയ മറ്റൊരു യുവാവും മുങ്ങി മരിച്ചു. ഒക്ടോബറിൽ പൂനൂർ പുഴയിൽ രണ്ടു പേരെ ഒഴുക്കിൽപ്പെട്ട് കാണാതായപ്പോൾ ഒരാൾ അറപ്പുഴയിൽ മുങ്ങി മരിച്ചു. നവംബറിൽ ഒരാൾ ഫറോക്ക് പുഴയിലും മുങ്ങിമരിച്ചു.
മരണത്തുരുത്തുകൾ
കോടഞ്ചേരി, ഉറുമി, അരീപ്പാറ, പതങ്കയം പോലുള്ള സ്ഥലങ്ങളിൽ അപകടം പതിയിരിക്കുന്നുവെന്ന് ബോർഡുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ മുന്നറിയിപ്പും നൽകാറുണ്ട്. എന്നാൽ ദൂരസ്ഥലങ്ങളിൽ നിന്നും മറ്റുമായി വാഹനങ്ങളിൽ എത്തുന്ന യുവാക്കൾ മുന്നറിയിപ്പൊന്നും വകവെക്കാതെ പുഴയിൽ ഇറങ്ങുന്നതാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്.
ഒഴുക്കിൽ പെട്ടു കഴിഞ്ഞാൽ മൂന്നു മിനിറ്റിലധികം വെള്ളത്തിൽ ജീവനോടെ കഴിയാനാവില്ല. അപകടവിവരം പുറത്ത് അറിയുമ്പോഴേക്കു തന്നെ ഈ മൂന്നു മിനിറ്റ് കഴിഞ്ഞിരിക്കും പിന്നെ ചേതനയറ്റ ശരീരത്തിന് വേണ്ടിയുള്ള തിരച്ചിൽ മാത്രമാണ് പ്രായോഗികം.
അഗ്നിശമന സേനയ്ക്കൊപ്പം
സിവിൽ ഡിഫൻസും
കൊവിഡ് പ്രതിരോധരംഗത്തെ സേവനത്തിനൊപ്പം കാലവർഷം കനക്കുന്നതോടെ വരാനിടയുള്ള പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കത്തിലുമാണ് അഗ്നിശമന സേനാംഗങ്ങൾ. ഫയർ ഫോഴ്സിനു കീഴിൽ പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങളും സുസജ്ജരാണ്. നിലവിൽ സംസ്ഥാനത്ത് ഏതാണ്ട് 6200 വോളണ്ടിയർമാർ കഴിഞ്ഞ ഡിസംബറിൽ രൂപം കൊണ്ട ഈ ജനകീയ സേനയിലുണ്ട്.