ഒഫ്താൽമോളജിയിലെ 12 വർഷത്തെ അനുഭവ സമ്പത്തുമായി മധുരയിൽ നിന്ന് കോഴിക്കോട്ടെത്തിയ ഡോ. ചന്ദ്രകാന്തിന് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ; മലബാറിൽ കണ്ണിനു വേണ്ടി ഒരു ആശുപത്രി. അങ്ങനെയാണ് നടക്കാവിൽ 'ഡോ. ചന്ദ്രകാന്ത് മലബാർ നേത്രാലയ' ഉയരുന്നത്. ക്ലിനിക്കിൽ നിന്ന് ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയായി വളർന്ന സ്ഥാപനം ഇന്ന് മലബാറിലെ മികച്ച നേത്രരോഗ ആശുപത്രികളിലൊന്നാണ്. നൂതന ഉപകരണങ്ങളുടെ സഹായത്തോടെ നേത്രരോഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്ന 'ഡോ.ചന്ദ്രകാന്ത് മലബാർ നേത്രാലയ' ആശുപത്രിയുടെ ഉയർച്ചയ്ക്ക് പിന്നിൽ ചെയർമാനും ചീഫ് കൺസൾട്ടന്റ് ഐ സർജനുമായ ഡോ.കെ.എസ്.ചന്ദ്രകാന്തിന്റെ ദീർഘവീക്ഷണവും പരിശ്രമവുമുണ്ട്.
പ്രമുഖ കണ്ണാശുപത്രികളിൽ വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള ഡോ.കെ.എസ്.ചന്ദ്രകാന്താണ് ചന്ദ്രകാന്ത് മലബാർ നേത്രാലയയിലെ ചീഫ് ഒഫ്താൽമോളജിസ്റ്റ്. ആധുനിക മൈക്രോ സർജറികളിൽ പരിശീലനം ആർജ്ജിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം തികഞ്ഞ അർപ്പണ ബോധത്തോടെ മികവുറ്റ ചികിത്സ ഇവിടെയെത്തുന്ന രോഗികൾക്ക് നൽകുന്നു. കണ്ണിനുണ്ടാകുന്ന സാധാരണ രോഗങ്ങൾ മുതൽ അപൂർവ രോഗങ്ങൾ വരെ ഇവിടെ ചികിത്സിക്കുന്നു. മികവുറ്റ നേത്ര പരിചരണത്തിലൂടെ ലോകോത്തര നിലവാര പട്ടികയിൽ ഇടംനേടുകയാണ് ലക്ഷ്യം .
@ ഒഫ്താൽമോളജിയിലെ ചവിട്ടു പടികൾ
ഒഫ്താൽമോളജിയിലെ 35 വർഷത്തെ അനുഭവ ജ്ഞാനം ഡോ. ചന്ദ്രകാന്തിനുണ്ട്. മൈസൂർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനവും മധുരൈ അരവിന്ദ് കണ്ണാശുപത്രിയിൽ ഒഫ്താൽമോളജിയിൽ സ്പെഷ്യലൈസേഷനും പൂർത്തിയാക്കി 12 വർഷത്തോളം അവിടെ സീനിയർ കൺസൾട്ടന്റായി പ്രവർത്തിച്ചു. ലോക പ്രശസ്ത നേത്ര വിദഗ്ദ്ധരായ ഡോ.വെങ്കിട്ട് സ്വാമി, ഡോ.നംപെരുമാൾ സ്വാമി, ഡോ.നാച്ചിയാർ, ഡോ.എം.ശ്രീനിവാസൻ എന്നിവരുടെ കൂടെയുള്ള സേവനം ചന്ദ്രകാന്തിന്റെ ജീവിതം മാറ്റി മറിച്ചു. ഒഫ്താൽമോളജിയിൽ കൂടുതൽ പഠിക്കാൻ സാധിച്ചു. കണ്ണിനായി പ്രത്യേക ബ്രാഞ്ചുകൾ ഇല്ലാതിരുന്നിട്ടും തിമിരം, ഗ്ലോക്കോമ , കൃഷ്ണമണി മാറ്റിവയ്ക്കൽ, റെറ്റിന-വിട്രിയസ് (കാഴ്ചപടലം), ഓക്യുലോ പ്ലാസ്റ്റിക്ക് (കണ്ണിന്റെ പ്ലാസ്റ്റിക്ക് സർജറി), ലാസിക് ലേ സർജറി, കോങ്കണ്ണ്, കുട്ടികളിലെ നേത്ര അസുഖങ്ങൾ തുടങ്ങി ഓരോന്നിനെക്കുറിച്ചും ആഴത്തിലുള്ള അറിവുകൾ നേടി. ഫാകോ ഇമൽസിഫിക്കേഷൻ മെഷീൻ ഉപയോഗിച്ച് തിമിര ശസ്ത്രക്രിയ ചെയ്യാൻ തുടങ്ങി. പ്രമുഖരായ ഡോക്ടർമാരെ ഓപ്പറേഷനിൽ അസിസ്റ്റ് ചെയ്ത ചന്ദ്രകാന്ത് പിന്നീട് സ്വന്തമായി ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകി.
@ പാവപ്പെട്ടവരുടെ പ്രിയ ഡോക്ടർ
നേത്രചികിത്സയിൽ വിദഗ്ദ്ധനായതോടെ തിരക്കേറിയെങ്കിലും പാവപ്പെട്ടവരെ എന്നും ഡോക്ടർ പരിഗണിച്ചു. ശാസിച്ചും സ്നേഹിച്ചും ചികിത്സിച്ചും ഡോ.ചന്ദ്രകാന്ത് അവരുടെ സ്വന്തം കണ്ണ് ഡോക്ടറായി. മധുരയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഉൾനാടൻ ഗ്രാമങ്ങളിലെ ക്യാമ്പുകളിൽ ചന്ദ്രകാന്ത് സജീവമായിരുന്നു. അവർക്ക് സൗജന്യമായി ശസ്ത്രക്രിയകൾ ചെയ്തു. ' മധുരയിലെ ഗ്രാമങ്ങളിൽ നിരവധി പാവപ്പെട്ടവരുണ്ട്. കണ്ണിന് അസുഖം വന്നാൽ അവർക്കറിയില്ല. എന്തു ചെയ്യണമെന്ന്. പണമില്ലാത്തതിനാൽ പലരും ചികിത്സ നടത്തിയില്ല. ആ സമയത്താണ് ഞങ്ങൾ അവിടേക്ക് ചെല്ലുന്നത്. കണ്ണിന് അസുഖമുള്ള ഒരു പാടുപേരെ കണ്ടെത്തി ചികിത്സ നൽകി. 400 , 500 ശസ്ത്രക്രിയകൾ ചെയ്ത ദിവസങ്ങൾ വരെയുണ്ട് .-ഡോ.ചന്ദ്രകാന്ത് പറഞ്ഞു. കോഴിക്കോട് എത്തിയിട്ടും പാവപ്പെട്ടവരെ സഹായിക്കാൻ ഡോക്ടർ ഗ്രാമങ്ങളിലെത്തിയിരുന്നു.
@ കോഴിക്കോട്ടേക്ക്
1998ലാണ് ഡോ.ചന്ദ്രകാന്ത് കോഴിക്കോട്ടെത്തിയത്. നേത്രരോഗ ചികിത്സയിൽ നേടിയെടുത്ത ജ്ഞാനം മലബാറിനായി ഉപയോഗിച്ചു. വിവിധ ആശുപത്രികളിൽ പ്രവർത്തിച്ചെങ്കിലും തന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ സ്വന്തമായി ആശുപത്രി വേണമെന്ന ചിന്തയാണ് 'ഡോ. ചന്ദ്രകാന്ത് മലബാർ നേത്രാലയ' എന്ന പേരിൽ നടക്കാവിൽ തുടങ്ങിയ നേത്രരോഗ ആശുപത്രിക്ക് പിന്നിൽ.
@ മലബാറിൽ ആദ്യമായി
1. എളുപ്പത്തിലും വേഗത്തിലും തിമിരം മാറ്റാൻ കഴിയുന്ന ഫാക്കോ ഇമൽസിഫിക്കേഷൻ.
2 .കണ്ണിലെ ഞരമ്പിനെ ബാധിക്കുന്ന അസുഖങ്ങൾ കണ്ടുപിടിക്കാനായി ഫ്ലൂറോസിൻ ആൻജിയോഗ്രാഫിയും, ചികിത്സയ്ക്കായി റെറ്റിനൽ ലേസറും
3. തിമിര ശസ്ത്രക്രിയ കഴിഞ്ഞ് കാഴ്ചയ്ക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി യാഗ് ലേസർ മെഷീൻ (ഗ്ലോക്കോമ നീക്കാൻ വേണ്ടിയും ഇവ ഉപയോഗിക്കും ).
4. കട്ടിയുള്ള കണ്ണട ഒഴിവാക്കാനായി ലാസിക് ലേസർ
@ വെളിച്ചത്തിലേക്ക് ലക്ഷം പേർ
33 വർഷത്തെ പ്രവർത്തനത്തിനിടെ ശസ്ത്രക്രിയകളിലൂടെ ലക്ഷക്കണക്കിന് പേർക്ക് വെളിച്ചം പകർന്നു. തിമിരത്തിന് മാത്രം15 ലക്ഷത്തിലധികം ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്. ഗ്ലോക്കോമ, റെറ്റിന, കൃഷ്ണമണി മാറ്റിവയ്ക്കൽ, കുട്ടികളിലെ കോങ്കണ്ണ് എന്നിവയും ചികിത്സിച്ചു മാറ്റി.
@ അവാർഡുകൾ
പ്രവർത്തന മേഖലയിലെ മികവ് പരിഗണിച്ച് നിരവധി അവാർഡുകൾ ഡോ. ചന്ദ്രകാന്തിനെ തേടിയെത്തി. എൻ.ജി.ഒ അവാർഡുകൾ , ലയൺസ് ക്ലബ് പുരസ്ക്കാരങ്ങൾ, നോട്ടറി അവാർഡുകൾ തുടങ്ങിയവ അവയിൽ ചിലതുമാത്രം . ' അവാർഡുകൾക്ക് വേണ്ടി ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. പക്ഷേ, സ്നേഹത്തോടെ തരുന്ന അംഗീകാരങ്ങൾ സ്വീകരിച്ചേ മതിയാകൂ -ഡോക്ടർ പറയുന്നു.
@ട്രെയിനിലെ തിമിര ചികിത്സ
ഡോക്ടറുടെ സേവനവഴിയിലെ ആത്മസമർപ്പണത്തിന്റെ മറ്റൊരു അദ്ധ്യായമായിരുന്നു ലൈഫ്ലൈൻ എക്സ്പ്രസ് ട്രെയിനിലെ തിമിര ചികിത്സ. 67ഓളം പേർക്കാണ് സൗജന്യ ശസ്ത്രക്രിയയിലൂടെ വെളിച്ചം നൽകിയത്.
@ കുഷ്ഠരോഗികൾക്കും സാന്ത്വനം
ജില്ലാ കുഷ്ഠരോഗ ആശുപത്രിയിലെ നാൽപ്പതോളം രോഗികൾക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തി ഡോ.ചന്ദ്രകാന്ത്
മറ്റൊരു ചരിത്രംകൂടി എഴുതി. ആശുപത്രിയിലെ പ്രാർത്ഥനാ മുറി ഓപ്പറേഷൻ തിയറ്ററാക്കിയായിരുന്നു സേവനത്തിന്റെ പുതുവഴി വെട്ടിയത്.
@ കുടുംബം
നടക്കാവിൽ വീട്. ഭാര്യ: ശ്രീദേവി. മക്കൾ: ഡോ.പൃഥ്വി ചന്ദ്രകാന്ത്, ഗ്രീഷ്മ (ഫൈനൽ എം.ബി.ബി.എസ്).