സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം കൊവിഡ് ബാധ കണ്ടെത്തിയ കൊയിലാണ്ടി സ്വദേശിയും ഇലക്ട്രീഷ്യനുമായ മുപ്പത്കാരനോടൊപ്പം താമസിച്ചുവന്ന നാല് പേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവർ നാല്‌പേരെയും ഇവർ താമസിച്ചുവന്ന ക്വാർട്ടേഴ്സിലെ മറ്റ് പതിനഞ്ച്‌പേരെയും ഇന്നലെ ക്വാറന്റൈയിൽ പ്രവേശിപ്പിച്ചു.
ബത്തേരി നഗരസഭ പരിധിയിൽ നിർമ്മാണത്തിലിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ഇലക്ട്രിക്കൽ ജോലിക്കായി എത്തിയതായിരുന്നു കൊയിലാണ്ടി സ്വദേശിയായ മുപ്പത്കാരൻ. കഴിഞ്ഞ രണ്ടാം തീയ്യതി ഹോട്ടൽകെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്തെ നാല് അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് ബാധ സ്ഥിരികരിച്ചിരുന്നു. ഒരു ഒഡീഷക്കാരനും മൂന്ന് ബംഗാൾ സ്വദേശികളുമായിരുന്നു. ഇതിൽ ഒരാൾ ഇപ്പോൾ രോഗം ബാധിച്ചതായി കണ്ട കൊയിലാണ്ടി സ്വദേശിയോടോപ്പമാണ് കുപ്പാടി വെള്ളപ്പാട്ടുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. അന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് 14 ദിവസത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ക്വാറന്റൈയിൻ കാലാവധി കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കൊവിഡ് പൊസിറ്റീവ് ആയി കണ്ടത്.
നേരത്തെ നടന്ന പരിശോധനയിൽ നെഗറ്റീവ് റിപ്പോർട്ട് ആയതിനാലും ക്വാറന്റൈയിൻ കാലാവധി കഴിഞ്ഞിരുന്നതിനാലും ഇയാൾ നിർമ്മാണം നടക്കുന്ന സ്ഥലത്ത് പോയതായാണ് വിവരം. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക്‌രോഗം പിടിപെട്ടതെന്നാണ് നിഗമനം.
പൊസിറ്റീവ് കേസ് സ്ഥിരീകരിച്ച കുപ്പാടി വെള്ളപാട്ടും പരിസരത്തും അണുനശീകരണം നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ ഇന്നലെ ബത്തേരിയിലെ ബസ്സ്റ്റാന്റുകൾ, വെയിറ്റിംഗ് ഷെഡുകൾ, പൊതുസ്ഥലങ്ങൾ, പൊതുശൗചാലയങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. രോഗം സ്ഥിരീകരിച്ച മേഖലയിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം നടത്തുന്നുണ്ട്.
അതേസമയം വെള്ളപ്പാട്ട് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു. തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുകയും അവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ താമസിക്കുകയും ചെയ്ത ആൾക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇയാൾ ജൂൺ രണ്ട് മുതൽ ക്വാറന്റൈനിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതിനാൽ പൊതുജന സമ്പർക്കം കാര്യമായി ഉണ്ടാകാൻ ഇടയില്ല.