@ നിരവധി വീടുകളിൽ വെള്ളംകയറി

കോഴിക്കോട്: കാലവർഷം തുടങ്ങിയതോടെ ജില്ലയിലെ തീരപ്രദേശങ്ങൾ കടലാക്രമണ ഭീഷണിയിൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. കടൽ ഭിത്തിയുണ്ടെങ്കിലും പലയിടത്തും തകർന്നു കിടപ്പാണ്. തീരത്തോട് ചേർന്ന് താമസിക്കുന്ന മിനി, അംബുജം, കല്ല്യാണി, സുധ എന്നിവരുടെ വീടുകളിലേക്ക് വെള്ളം കയറിയതോടെ താമസം ദുഷ്ക്കരമായി. പ്ലാസ്റ്റിക് ഷീറ്റും ഓലയും കൊണ്ടുണ്ടാക്കിയ മിക്ക വീടുകളിലേക്കും രാവും പകലും വ്യത്യാസമില്ലാതെ തിരയടിക്കുമ്പോൾ വെള്ളം കയറുന്ന സ്ഥിതിയാണ്. ഇതുമൂലം പലരും രാത്രികാലം ബന്ധു വീടുകളിലേക്ക് മാറുകയാണ്. വീടിനകത്തേക്ക് വെള്ളം കയറാതിരിക്കാൻ ഷീറ്റുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് മറച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ലെന്നാണ് ഇവരുടെ സങ്കടം. കടൽഭിത്തി പൂർണമായും തകർന്ന് വീടുകൾ കടലെടുക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

ഭിത്തിക്ക് അടിയിലൂടെ വെള്ളം കയറി കല്ലുകൾ ഇളകി വീഴുന്നത് പതിവായിട്ടുണ്ട്. വലിയ കല്ലുകൾ ഉപയോഗിച്ച് കടൽ ഭിത്തി ഉയർത്തിയാൽ ഒരു പരിധി വരെ കടലാക്രമണം തടയാനാവുമെന്നാണ് വീട്ടുകാർ പറയുന്നത്.