കോഴിക്കോട്: കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വീട്ടിലെത്തിച്ച് കൺസ്യൂമർ ഫെഡ്. 'വീട്ടുമുറ്റത്തൊരു സ്‌കൂൾ മാർക്കറ്റ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് കോഴിക്കോട് നിർവഹിച്ചു.
നടക്കാവിലെ വീടുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം. ത്രിവേണി ഔട്ട്‌ലെറ്റുകൾക്കായിരിക്കും വിതരണ മേൽനോട്ടം. രണ്ടുപേർ വീതമുള്ള സംഘങ്ങളായി കൺസ്യൂമർ ഫെഡ് ജീവനക്കാർ തന്നെയായിരിക്കും വിതരണം നടത്തുക. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പതിവുപോലെ ത്രിവേണിയൊരുക്കുന്ന സ്‌കൂൾ മാർക്കറ്റുകളിൽ എത്തിപ്പെടാനാവില്ല. ഇതു പരിഗണിച്ചാണ് വീടുകളിലേക്ക് വിതരണം വ്യാപിപ്പിച്ചതെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. നോട്ട് ബുക്ക്, സ്‌കൂൾ ബാഗ്, കുട തുടങ്ങിയവയെല്ലാം കൺസ്യൂമർ ഫെഡ് വിൽപ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. പൊതു വിപണിയേക്കാൾ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
സ്‌കൂൾ വണ്ടി , നോട്ട് ബുക്ക് വണ്ടി എന്നീ പേരുകളിൽ സഞ്ചരിക്കുന്ന സ്‌കൂൾ മാർക്കറ്റുകളും കൺസ്യൂമർ ഫെഡ് ഒരുക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി സഹായകമാവും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായിരിക്കും ഈ സേവനം ലഭ്യമാകുക. സ്‌കൂൾ വണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് മുതലക്കുളത്ത് എ. പ്രദീപ് കുമാർ എം.എൽ.എ നിർവഹിക്കും.