ബിസിനസുകാരനായിരുന്നപ്പോൾ സിറാജ് സി.എ ആ ഒരു വൃത്തത്തിൽ ഒതുങ്ങിയിരുന്നു. എന്നാൽ, അക്യുപങ്‌ചർ ചികിത്സകനായി മാറിയതോടെ വടകരക്കാരുടെ മാത്രമല്ല പുറംനാട്ടുകളിലുള്ളവരുടെ കൂടി മനസ്സിലിടം നേടിയിരിക്കുകയാണ് ഇദ്ദേഹം.
കൊവിഡ് ലോക്ക് ഡൗണിനിടയിലും സിറാജ് തിരക്കിലാണ്. ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ അന്വേഷിച്ച് എത്തുന്നുണ്ട്.
നേരത്തെ ഹെൽത്ത് എക്യൂപെൻസുകളുടെ വില്പനയായിരുന്നു ഇദ്ദേഹത്തിന്. അതിനിടയിലാണ് അക്യുപങ്‌ചറിനെക്കുറിച്ച് കേൾക്കാനിട വന്നത്. തിരക്കുകൾക്കിടയിലും ചിലപ്പോഴൊക്കെ ഇത്തരം അക്യൂപ്ങചർ പ്രഷർ ഉപകരണങ്ങളുടെ പ്രവർത്തനം കൂടുതൽ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് അക്യുപങ്‌ചറിലേക്കും തിരിയുന്നത്. കൂടുതൽ പഠിച്ചപ്പോൾ ചികിത്സാരീതിയുടെ മഹത്വം ബോദ്ധ്യപ്പെട്ടു. സ്വയം അനുഭവിച്ചറിയാനും കഴിഞ്ഞു.
അക്കാലത്ത് അക്യുപങ്‌ചർ ചികിത്സയെക്കുറിച്ച് ഒന്നും അധികമാർക്കും വലിയ പിടിയില്ല. നിരന്തരം അന്വേഷിച്ചപ്പോൾ മലപ്പുറത്ത് തിരൂരിൽ അക്യൂഷ് അക്യുപങ്‌ചർ അക്കാഡമിയെക്കുറിച്ച് അറിയാൻ കഴിഞ്ഞു. പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല. അക്യൂ പി.ആർ ശൂഹൈബ് റിയാലിന്റെ ശിഷ്യത്വം സ്വീകരിച്ച് അവിടെ നിന്ന് ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കി. പിറകെ ഒരു വർഷം നീണ്ട പരീശിലനവും.
പഠനശേഷം നാട്ടിൽ തിരിച്ചെത്തിയതോടെ ആദ്യം ചികിത്സ പരീക്ഷിച്ചത് ബന്ധുക്കളിൽ തന്നെയായിരുന്നു. പീന്നിട് 2014-ൽ വടകരയിൽ അക്യുപങ്‌ചർ സെന്റർ തുറന്നു. അടുത്ത വർഷം തന്നെ കല്ലാച്ചിയിലും, അഴിയൂരിലും അക്യുപങ്‌ചർ ശാഖകളായി. ഇന്നിപ്പോൾ നൂറു കണക്കിനാളുകളുടെ ആശ്രയകേന്ദ്രമാണ് ഇവിടങ്ങൾ.
മരുന്നില്ലാത്ത
ചികിത്സ
മനുഷ്യന് അനുഭവിക്കുന്ന ഏത് പ്രയാസത്തിനും അക്യുപങ്‌ചറിൽ ചികിത്സയുണ്ട്. പക്ഷേ, മരുന്ന് ഇല്ലെന്ന് പറയാം.
കൊവിഡ് വന്നതോടെ ഇന്നിപ്പോൾ ആശുപത്രികളിൽ തിക്കും തിരക്കും തീരെയില്ലല്ലോ... സിറാജ് ചോദ്യമുയർത്തുകയാണ്. ഗവ.ആശുപത്രികളിലെന്ന പോലെ സ്വകാര്യ ആശുപത്രികളിലുമില്ല ആളുകളുടെ തള്ളിക്കയറ്റം. പലപ്പോഴും രോഗത്തെക്കുറുച്ചുള്ള സംശയങ്ങളാണ് കൊവിഡ് പേടിയിൽ ഇല്ലാതായിരിക്കുന്നത്.
ചികിത്സ ഇങ്ങനെ
14 ഊർജ്ജസഞ്ചാര പാതകളും അതിലെ 361പൊയിന്റുകളുമായാണ് മനുഷ്യൻ ജീവിക്കുന്നത്. അക്യൂപ്ങചർ സയൻസിൽ ഊർജ്ജ സഞ്ചാരത്തിലുണ്ടാകുന്ന വ്യതിയാനമാണ് രോഗമായി മാറുന്നത്. രോഗലക്ഷണത്തെയും കാരണത്തെയും മനസ്സിലാക്കി ഊർജ്ജക്രമീകരണത്തിനു സാധ്യമായ ഒരൊറ്റ പോയിന്റ് കണ്ടെത്തുകയും തുടർന്ന് സൂചി ഉപയോഗിച്ചോ കൈവിരൽ കൊണ്ട് സ്പർശിച്ചോ ചികിത്സിക്കുകയും ചെയ്യുന്ന രീതിയാണിത് . ചർമ്മത്തിലെ അക്യൂപ്ങചർ പോയിന്റുകളിൽ സൂചി ഉപയോഗിച്ച് സ്റ്റിമുലേറ്റ് (ഉത്തേജനം) ചെയ്യുകയാണിവിടെ. വേദന ലഘൂകരിക്കുന്നതിനു മാത്രമല്ല ശാരീരികവും മാനസികവും വൈകാരികവുമായ വിവിധ രോഗാവസ്ഥകളെ സുഖപ്പെടുത്താൻ കൂടി കഴിയുന്ന സംയോജിത ചികിത്സാസംവിധാനമാണിത്. പുരാതന ചൈനയിൽ ഉത്ഭവിച്ച അക്യൂപങ്ചർ ഇപ്പോൾ പാശ്ചാത്യരാജ്യങ്ങളിലേക്കു പോലും പടർന്നു കഴിഞ്ഞു. സൂചി മുഖേനയുള്ള സമ്മർദ്ദം ചർമ്മത്തിൽ നിശ്ചിത പോയിന്റിൽ ചേർന്നു ചെല്ലുമ്പോൾ രോഗാവസ്ഥ മാറുകയാണ്.
കൊവിഡിനെ നേരിടാൻ മുഖ്യമായും വേണ്ടത് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് വിദ്ഗദരുടെ അഭിപ്രായം. അതിന് അക്യൂപങ്ചർ ചികിത്സയിൽ ഒരുപാട് സാദ്ധ്യതയുണ്ടെന്ന് സിറാജ് അവകാശപ്പെടുന്നു. പരീക്ഷിച്ചാൽ ആർക്കും അത് ബോദ്ധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
ഒപ്പമുണ്ട് കുടുംബം
എ.എം.ആലിക്കോയ - സി.എ.അസ്‌മ ദമ്പതികളുടെ മകനാണ് സിറാജ്. സി.എ. റസീനയാണ് ഭാര്യ. മൂത്ത മകൾ ഫാത്തിമ തമന്ന എം.യു.എം ഹൈസ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്. രണ്ടാമത്തെ മകൾ അന്ന മറിയം. പിന്നെ രണ്ട് ആൺമക്കൾ; മുഹമ്മദ് ബിൻ സിറാജ് അലിയും ആദം ബിൻ സിറാജ് അലിയും.
അക്യൂ പി.ആർ സിറാജിന്റെ
4G ടിപ്‌സ്
1. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.
2. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക
3. ശരീരത്തിനും മനസ്സിനും ആവശ്യാനുസരണം വിശ്രമം നൽകുക
4. നേരത്തെ ഉറങ്ങുക ; നേരത്തെ ഉണരുക,