പേരാമ്പ്ര: നഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്തെന്ന കൂത്താളി പി.എച്ച്‌.സി മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജൻ മരുതേരി തുടങ്ങിയവർക്കെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പ്രസ്താവന വിവാദമായതോടെ വിമർശനവുമായി സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം.