കുറ്റ്യാടി: കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനൊപ്പം കാലിഗ്രഫിയിൽ വിസ്മയം തീർക്കുകയാണ് ദേവർകോവിലിലെ ജിൻസിയ ലത്തീഫ്. ഖുർആൻ വചനങ്ങളടങ്ങിയ ഇരുന്നൂറോളം രചനകളാണ് ജിൻസിയ പേനകൊണ്ട് കോറിയിട്ടത്. സ്വന്തമായി മുള പേന നിർമ്മിച്ചായിരുന്നു എല്ലാ വരയും. അറബിക്ക് പുറമെ ഇംഗ്ലീഷ്, മലയാളം ലിപികളിലും ജിൻസിയ കാലിഗ്രഫി തയ്യാറാക്കിയിട്ടുണ്ട്. ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത് ചിത്രരചന, ഹാന്റ് ബോൾ, ഒപ്പന എന്നിവയിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കി. കാലിഗ്രഫി ഇഷ്ടപ്പെട്ട് സമീപിക്കുന്ന എല്ലാവർക്കും വരച്ച് നൽകാറുണ്ടെന്ന് ജിൻസിയ പറയുന്നു. തൃശൂർ ജില്ലയിലെ പെരുംവിലാവിൽ അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ജിൻസിയ. കുടുംബത്തിന്റെ പ്രോത്സാഹനത്തോടൊപ്പം സഹോദരനും കുറ്റ്യാടി ചാപ്റ്റർ ജെ.സി.ഐ സെക്രട്ടറിയുമായ ഒ. വി. ജൗഹറിന്റെ ഉപദേശ നിർദ്ദേശങ്ങളാണ് കാലിഗ്രഫിയിൽ ജിൻസിയയുടെ കരുത്ത്. മലയോരത്തെ അറിയപ്പെടുന്ന വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ കുറ്റ്യാടിയിലെ ഒ.വി.ലത്തീഫിന്റെ ഇളയ മകളാണ് ജിൻസിയ ലത്തീഫ് .