കോഴിക്കോട്: ബാലുശ്ശേരിയിലെ ഇ.കെ നായനാർ ബസ് ടെർമിനൽ ഇന്ന് വൈകീട്ട് 4.30ന് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് നിർമ്മിച്ചത്. പ്രധാന കവാടത്തിൽ നിന്നും 30 മീറ്റർ അകലെയാണ് കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ മുഴുവനായും യാത്രക്കാർക്കുള്ള സൗകര്യമൊരുക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഡിസൈനിംഗും നിർമ്മാണവും നടത്തിയത്. ഭിന്നശേഷിക്കാർക്കുള്ള ടോയിലറ്റ് ഉൾപ്പെടെ ലേഡീസ്, ജെന്റ്‌സ് ടോയിലറ്റുകൾ, പൊലീസ് എയ്ഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടർ ഏരിയ, കോഫി ബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈൽ റീചാർജിംഗ് കോർണർ, മ്യൂറൽ പെയിന്റിംഗ് ഏരിയ, ടി.വി കോർണർ തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കും.