പേരാമ്പ്ര: ചാലിക്കര-നൊച്ചാട് ആയുർവേദ ആശുപത്രി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം. ഇരുപത് വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡ് ഒരു തവണ മാത്രമാണ് ഭാഗികമായി നവീകരിച്ചത്. പ്രൈമറി ഹെൽത്ത് സബ് സെന്റർ, ബഡ്‌സ് സ്കൂൾ എന്നിവിടങ്ങളിലേക്കായി നൂറ് കണക്കിന് യാത്രക്കാർ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. രണ്ട് വർഷമായി റോഡ് സ്ഥിരം അപകട മേഖലയാണ്. മഴ ശക്തമായാൽ വാഹന ഗതാഗതവും ദുസഹമാകും. ഗെയിൽ പദ്ധതിയുടെ ഭാഗമായി തകർത്ത ഭാഗവും നവീകരിക്കാത്തതോടെ റോഡ് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങുകയാണ് നാട്ടുകാർ.