മുക്കം: വാർത്തയെച്ചൊല്ലിയുള്ള വിരോധത്തിൽ മാദ്ധ്യമപ്രവർത്തകനു നേരെ ഫോണിൽ ഭീഷണി മുഴക്കിയതിനു പുറമെ പിതാവിന്റെ ഫോട്ടോ അവഹേളിക്കുംവിധത്തിലുള്ള അടിക്കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. പ്രാദേശിക ചാനലിലെ വീഡിയോ ജേണലിസ്റ്റ് റഫീഖ് തോട്ടുമുക്കം ഇതു സംബന്ധിച്ച് മുക്കം പൊലീസിൽ പരാതി നൽകി. തോട്ടുമുക്കം അങ്ങാടിയിൽ അപകടകരമാംവിധം വാഹനമോടിച്ചതു ചോദ്യം ചെയ്തതിന് വ്യാപാരിയെ കടയിൽ കയറി ആക്രമിച്ച കേസ്സിലെ പ്രതിക്കെതിരെയാണ് പരാതി.

ജീവിക്കാൻ വിടില്ലെന്നായിരുന്നു ഭീഷണി. വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ അങ്ങാടിയിൽ പോയ പിതാവിന്റെ ഫോട്ടോയെടുത്ത്, മദ്യം വാങ്ങാൻ നിൽക്കുന്നു എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.