വടകര: കെ.പി.സി.സി പ്രസിഡന്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സംഗമം ദേശീയ സെക്രട്ടറി ഫാത്തിമ റോസ്ന ഉദ്ഘാടനം ചെയ്തു. റാണിയും രാജകുമാരിയും മ്ലേച്ച പദങ്ങളാണെങ്കിൽ വി.എസ് അച്യുതാനന്ദൻ പറഞ്ഞ അഭിസാരികയും മന്ത്രി ജി. സുധാകരൻ പറഞ്ഞ പൂതനയും പിണറായി വിജയൻ പറഞ്ഞ നികൃഷ്ടജീവിയും, പരനാറിയുമെല്ലാം ഏത് ഗണത്തിൽ പെട്ടതാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ സ്ത്രീ പീഡന കേസുകളിലെല്ലാം മൗനം പാലിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ ഇപ്പോൾ പ്രതിഷേധവുമായി വന്നത് തമാശയാണെന്നും ഭരണ വൈകല്യങ്ങളിൽ നിന്നും സി.പി.എം ഒളിച്ചോടുകയാണെന്നും അവർ ആരോപിച്ചു. പ്രസിഡന്റ് ഉഷാദേവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം ഐ. മൂസ, സംസ്ഥാന ജനറൽ സെക്രട്ടറി ഗൗരി പുതിയോത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.കെ വിശ്വനാഥൻ, സുനിൽ മടപ്പളളി, പി. ബാബുരാജ്, ഷീബ, കൃഷ്ണ വേണി, മഹിജ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ വൃന്ദ സ്വാഗതവും പി.കെ പുഷ്പവല്ലി നന്ദിയും പറഞ്ഞു.