മുക്കം: സാങ്കേതിക കാരണങ്ങളിൽ കുരുങ്ങി സ്തംഭിച്ച മുക്കം പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം വീണ്ടും തുടങ്ങുന്നു. ജോർജ് എം. തോമസ് എം.എൽ.എ പങ്കെടുത്ത ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും യോഗത്തിന്റേതാണ് തീരുമാനം. ടെണ്ടർ നടപടി പൂർത്തിയായി നിർമ്മാണം ആരംഭിക്കുന്നതിനിടെ ഉണ്ടായ സുപ്രീം കോടതിയുടെ മാർഗ നിർദേശമാണ് പ്രതിസന്ധിയായിരുന്നത്. പുതുതായി നിർമ്മിക്കുന്ന സ്റ്റേഷനുകളിൽ രണ്ടിനു പകരം മൂന്നു ലോക്കപ്പുകൾ വേണമെന്നായിരുന്നു നിർദ്ദേശം. പുരുഷന്മാർക്കും സ്ത്രീകൾക്കും ട്രാൻസ്ജെന്റേഴ്സിനും വെവ്വേറെ ലോക്കപ്പുകളും വേണം. അംഗീകരിച്ച പ്ലാനിൽ നിന്നുള്ള ഈ വ്യത്യാസം നിർമ്മാണം മുടങ്ങാൻ ഇടയാക്കി. ഇതോടെ ഫണ്ട് മറ്റാവശ്യങ്ങൾക്കായി വകമാറ്റി.
ഇക്കാര്യം വിലയിരുത്തിയതോടെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ പൊതുമരാമത്ത് വകുപ്പിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ച് പൊലീസ് നൽകുന്ന 50 ലക്ഷം രൂപയും ചേർത്ത് താഴത്തെ നിലയുടെ നിർമ്മാണം നടത്താൻ തീരുമാനിച്ചു. മൂന്നു ലോക്കപ്പുകളും സ്റ്റേഷൻ ഓഫീസർക്കുള്ള മുറിയും സജ്ജീകരിക്കും. ഒന്നും രണ്ടും നിലകൾക്ക് മേൽക്കൂര നിർമ്മിച്ച് മേൽക്കൂരയിൽ മൺ ടൈലുകൾ പാകുകയും ചെയ്യുമെന്ന് എം.എൽ.എ അറിയിച്ചു.
ടെണ്ടർ പൂർത്തിയായാൽ ഒരു വർഷം കൊണ്ട് പ്രവൃത്തി പൂർത്തിയാക്കുമെന്നും 12,000 സ്ക്വയർ ഫീറ്റാണ് കെട്ടിടമെന്നും പി.ഡബ്ല്യു.ഡി ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ലേഖ പറഞ്ഞു. റൂറൽ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസൻ, അസി. എക്സി. എൻജിനീയർ എൻ. ശ്രീജയൻ, അസി. എൻജിനീയർ എ. ശശി, ഓവർസിയർ കെ. ജയകുമാർ എന്നിവരും പങ്കെടുത്തു.
ആദ്യ ഘട്ടത്തിലെ ഫണ്ട്
സംസ്ഥാന സർക്കാർ-1.97 കോടി
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്- 2 കോടി