കോഴിക്കോട്: നഗരത്തിൽ ആളുകൾ കൂടുതലെത്തി തുടങ്ങിയതോടെ തട്ടുകടകളിൽ പൊലീസ് പരിശോധന ശക്തമാക്കുന്നു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയാണ് നടത്തുക. വീഴ്ച കണ്ടാൽ കർശന നടപടികൾ സ്വീകരിക്കും. കൊവിഡ് വ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിൽ നിന്നും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ചരക്കു ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് നഗരത്തിൽ എത്തുന്നത്. ഈ സാഹചര്യത്തിലാണ് തട്ടുകടകളിൽ പരിശോധന ശക്തമാക്കാൻ പൊലീസ് ആലോചിക്കുന്നത്. ഹോട്ടലുകളിൽ പാർസൽ സൗകര്യം ആരംഭിച്ചിട്ടും നഗരത്തിൽ എത്തുന്നവർ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്ന സ്ഥിതിയുണ്ട്. സാമൂഹിക വ്യാപന സാധ്യത നിലനിൽക്കുന്നതിനാലാണ് തട്ടുകടകളിൽ പരിശോധന കർശനമാക്കുന്നത്. ഓരോ സ്റ്റേഷൻ പരിധിയിലുമുള്ള തട്ടുകടകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എസ്.എച്ച്.ഒകൾ ഉറപ്പുവരുത്തണമെന്ന് ഡി.സി.പി നിർദ്ദേശം നൽകി.