മുക്കം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്തെത്തിയ 'ചൈനീസ് സഞ്ചാരി' ഇനി പക്ഷി നിരീക്ഷകൻ അനൂപിന്റെ ചിത്രശേഖരത്തിലുണ്ടാകും. ചൈനയിലും പടിഞ്ഞാറൻ ഏഷ്യയിലും മാത്രം കാണപ്പെടുന്ന ചൈനീസ് പോണ്ട് ഹോറൺ വിഭാഗത്തിൽ പെട്ട കൊക്കിനെയാണ് അനൂപ് കാമറയിൽ പകർത്തിയത്. കേരളത്തിൽ ആദ്യമായാണ് ഈ പക്ഷിയെ കാണുന്നത്. ജൂൺ 11ന് എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ഈ അതിഥി ആദ്യമെത്തിയത്. ഇന്ത്യയിൽ ഇതിനു മുമ്പ് 2013ൽ ചെന്നൈയിലാണ് ഇത്തരത്തിലൊരു പക്ഷിയെ കണ്ടതെന്ന് അനൂപ് പറയുന്നു. കേരളത്തിൽ ആദ്യവും ഇന്ത്യയിൽ രണ്ടാമതുമാണ് ചൈനീസ് പോണ്ട് ഹോറന്റെ സന്ദർശനം. മഞ്ഞ നിറത്തിലുള്ള ചുണ്ടും കണ്ണും കാലുമാണ് ഇവയുടെ പ്രത്യേകത. മത്സ്യം, ഞണ്ട്, തവള , പ്രാണികൾ എന്നിവയാണ് ഭക്ഷണം. ചിറകിനു പുറത്ത് തവിട്ടു നിറമാണെങ്കിലും പറക്കുമ്പോൾ തൂവെളളയായി കാണാം. പക്ഷി നിരീക്ഷണവും കാമറയിൽ പകർത്തലും വന്യജീവി ഫോട്ടോഗ്രാഫറായ അനൂപിന് ഹരമാണ്. അങ്ങനെയാണ് അദ്ധ്യാപകൻ കൂടിയായ ഇദ്ദേഹം മുക്കം മുത്തേരിയിൽ നിന്ന് ദീർഘദൂരം യാത്ര ചെയ്ത് കോതമംഗലത്തെത്തി പക്ഷിയുടെ പടമെടുക്കാൻ തീരുമാനിച്ചത്.