കോഴിക്കോട്: കൊവിഡെന്ന അദൃശ്യ രൂപം ആൾക്കൂട്ടത്തെ അകറ്രിയപ്പോൾ ജീവിതം വഴിമുട്ടിയവർ നിരവധിയുണ്ട്. അക്കൂട്ടത്തിൽ മുൻനിരയിലാണ് വിവാഹ ക്ഷണക്കത്ത് വിപണിയും. ലോക്ക് ഡൗൺ ഇളവുകളുണ്ടായെങ്കിലും വിവാഹങ്ങൾക്ക് 50 പേർ മതിയെന്ന നിബന്ധനയും വിപണിക്ക് ഇരുട്ടടിയായി. വിളിക്കേണ്ടവരെ ഫോണിലൂടെയും സോഷ്യൽമീഡിയയിലൂടെയും ക്ഷണിക്കുന്ന പതിവും സജീവമായി. ഇതോടെ ക്ഷണക്കത്ത് പ്രിന്റിംഗും നിലച്ചു. സാധാരണ 1000 മുതൽ 2000 വരെ ക്ഷണക്കത്തുകളാണ് പ്രിന്റ് ചെയ്തിരുന്നത്. ഇതോടെ പല പ്രസുകൾക്കും താഴു വീണു. ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങളുടെ പരിപാലനവും അസ്ഥാനത്തായി.
വിവാഹം മാറ്റിയതോടെ അച്ചടിച്ച കത്തുകൾ വാങ്ങാനും ആളുകളെത്താറില്ല. സംഘടനകളുടെ യോഗങ്ങളുൾപ്പടെയുള്ള സന്ദേശങ്ങളും അറിയിപ്പുകളും സോഷ്യൽ മീഡിയവഴി നൽകാൻ തുടങ്ങിയതോടെ പ്രിന്റിംഗ് മേഖലയുടെ താളം തെറ്റിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം നോട്ടീസുകളും ബിൽ ബുക്കും അച്ചടിച്ചിരുന്ന വ്യാപാരികൾ പാതിയായി കുറച്ചതും തിരിച്ചടിയായി.
മിക്കവരും വായ്‌പയെടുത്താണ് ക്ഷണക്കത്ത് കട തുടങ്ങിയത്. എന്നാൽ വരുമാനം നിലച്ചതോടെ തിരിച്ചടവ് മുടങ്ങി. ലോക്ക് ഡൗൺ ചെലവുകൾക്കും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുമായി പലരും കടം വാങ്ങിയിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗണിന് ശേഷം എല്ലാം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയാണ് ഇവരുടെ ജീവിതം.
പ്രതിസന്ധിയുടെ കാലം
നിലവിൽ വിവാഹത്തിൽ പങ്കെടുക്കാവുന്നത് : 50 പേർക്ക്
നിലവിലെ ക്ഷണം സോഷ്യൽ മീഡിയയിലൂടെ
മുമ്പ് വിവാഹത്തിനായി പ്രിന്റ് ചെയ്തിരുന്ന കത്തുകൾ : 1000 - 2000
വിവാഹം മാറ്റിയതോടെ അടിച്ച കത്തുകൾ പോലും വാങ്ങാനാളില്ല
വരുമാനം നിലച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങി
'പ്രതിസന്ധി വളരെ രൂക്ഷമായിരിക്കുകയാണ്. ഒരു ശതമാനം ബിസിനസ് പോലുമില്ല. ഇങ്ങനെ പോയാൽ എവിടെ എത്തുമെന്ന് അറിയില്ല. വേറെ ജോലിയും അറിയില്ല".
- ബിജീഷ്, വെെഷ്ണണവി
വെഡിംഗ് കാർഡ്സ് ഉടമ