കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ 2015- 20 വർഷത്തെ വികസന രേഖ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ ഏറ്റുവാങ്ങി. കൊവിഡാനന്തര കാലത്തെ അഭിമുഖീകരിക്കുകയാണ് കേരളത്തിന് മുന്നിലെ വെല്ലുവിളിയെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൺപതിനായിരം കോടിയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായത്. കൃഷിയ്ക്ക് പ്രാധാന്യം നൽകി പട്ടിണി ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീകൾക്കുള്ള സബ്സിഡി വിതരണം മന്ത്രി നിർവഹിച്ചു. കൊവിഡ് പ്രതിരോധത്തിൽ കോർപറേഷന്റെ പ്രവർത്തനം വ്യക്തമാക്കുന്ന ഡോക്യുമെന്റേഷന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ മീര ദർശക് സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദിയും പറഞ്ഞു.