കോഴിക്കോട്: കൊവിഡിന് പിന്നാലെ ജില്ലയിൽ ഡെങ്കിപ്പനിയും പിടിമുറുക്കിയതോടെ നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ. കൂരാച്ചുഭണ്ട്, പന്നിക്കോട്ടൂർ, വാണിമേൽ, മേപ്പയ്യൂർ എന്നിവടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. കൊവിഡ് പ്രതിരോധത്തിനിടെ പകർച്ച വ്യാധികളും ശക്തമാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്.
ഇന്ന് മുതൽ 30 വരെ ഊർജ്ജിത ഡെങ്കിപ്പനി പ്രതിരോധവാരാചരണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ പറഞ്ഞു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ ജില്ലാതല ഉദ്യോഗസ്ഥർ സന്ദർശിക്കും. ജില്ലാതല വെക്ടർ സർവെലൻസ് ടീം വീടുകളും തോട്ടങ്ങളും സന്ദർശിച്ച് ഈഡിസ് കൊതുകുകളുടെ സാന്ദ്രതാപഠനം നടത്തി. ഇവയുടെ ഉറവിടം നശിപ്പിക്കുകയാണ് പ്രതിരോധത്തിന്റെ പ്രധാനമാർഗം. വീടുകളിലും പരിസരങ്ങളിലും ലാർവകളുടെ ആധിക്യം കൂടുതലാണ്.
രോഗലക്ഷണം
1. പെട്ടെന്നുള്ള കഠിനമായ ശരീരവേദന, തലവേദന
2. നേത്രഗോളത്തിനു പിന്നിലെ വേദന
3. വിശപ്പില്ലായ്മ, ഛർദ്ദി
4. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്തസ്രാവം
5. പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയൽ
പ്രതിരോധനം ഇങ്ങനെ
കൊതുകിന്റെ ഉറവിട നശീകരണം
ആഴ്ചയിൽ ഡ്രൈ ഡേ ആചരിക്കൽ
ടെറസിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക
പാഴ് വസ്തുക്കൾ വലിച്ചെറിയാതിരിക്കുക
ഫ്രിഡ്ജിന്റെ ട്രെയിലെ വെളളം മാറ്റുക
റബർ തോട്ടങ്ങളിലെ ചിരട്ടയിൽ വെള്ളം ഒഴിവാക്കുക
തോട്ടങ്ങളിലെ പാളകൾ മാറ്റുക
തുറസായ സ്ഥലങ്ങളിൽ കിടന്നുറങ്ങാതിരിക്കുക
കൊതുകുവലയോ തിരിയോ ഉപയോഗിക്കുക
ലേപനങ്ങൾ പുരട്ടുക
ദേഹം മൂടുന്ന വസ്ത്രം ധരിക്കുക
'രോഗ ലക്ഷണമുള്ളവർ ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സതേടണം. പനി കുറയാനുള്ള മരുന്നും പൂർണ വിശ്രമവുമാണ് പ്രധാനമായും വേണ്ടത്. ഡെങ്കു വൈറസുകൾക്കെതിരെ ആൻഡി ബയോട്ടിക്‌സ് ലഭ്യമല്ല. സ്വയം ചികിത്സിക്കരുത്".
- ഡോ. വി. ജയശ്രി, ഡി.എം.ഒ