പുൽപ്പള്ളി: പുൽപള്ളി കതവക്കുന്നിൽ യുവാവിനെ കൊന്നുതിന്ന കടുവയെ കണ്ടെത്താനായി വനത്തിൽ തെരച്ചിൽ നടത്തി. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ വൈകുന്നതുവരെ നീണ്ടുനിന്നെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ബസവൻകൊല്ലി മുതൽ കല്ലുവയൽ വരെയുള്ള ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തിയത്. ചെതലയം, കൽപ്പറ്റ, മേപ്പാടി തുടങ്ങിയ റെയിഞ്ചുകളിലെ നൂറോളം വനപാലകരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കടുവയെ പിടികൂടുന്നതിനായി കൂടും നിരീക്ഷിക്കാനായി ക്യാമറയും സ്ഥാപിച്ചെങ്കിലും പിടികൂടാൻ കഴിയാത്തതിനെത്തുടർന്നായിരുന്നു തെരച്ചിൽ.
സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ചിത്ത് കുമാർ, റെയിഞ്ച് ഓഫീസർ ശശികുമാർ, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജനവാസ കേന്ദ്രങ്ങളിലൂടെ പട്രോളിംഗ് ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
അദ്ധ്യാപക നിയമനം
പുൽപ്പള്ളി: പുൽപ്പള്ളി എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. റിട്ടയേഡ് പ്രൊഫസർമാർക്കും ഇലക്‌ട്രോണിക് എഞ്ചിനീയർമാർക്കും മുൻഗണന. ഫോൺ- 04936 241522, 8281510008.