മേപ്പാടി: റീ ബിൽഡ്‌കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് പുത്തുമല പുനരധിവാസ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനവും വീടുകളുടെ തറക്കല്ലിടൽ കർമ്മവും ഓൺലൈനായി നിർവ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.

പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിൽ ചടങ്ങുകൾക്കായി പ്രത്യേകവേദി ഒരുക്കിയിട്ടുണ്ട്.

രാഹുൽഗാന്ധി എം.പി മുഖ്യപ്രഭാഷണം നടത്തും.

സി.കെ ശശീന്ദ്രൻ എം.എൽ.എ സ്വാഗതം പറയും. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള റിപ്പോർട്ട് അവതരിപ്പിക്കും. എം.വി ശ്രേയാംസ് കുമാർ മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവർ പങ്കെടുക്കും.

റീ ബിൽഡ്‌കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് പുത്തുമല പുനരധിവാസ പദ്ധതി 'ഹർഷം'എന്ന പേരിലാണ് അറിയപ്പെടുക.

പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സർക്കാർ കണ്ടെത്തിയകോട്ടപ്പടി വില്ലേജിലെ ഏഴ് ഏക്കർ ഭൂമിയിൽ 58 വീടുകളാണ് ആദ്യഘട്ടത്തിൽ ഉയരുക. ഇതിൽ 52 പ്ലോട്ടുകൾക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. ആർക്കിടെക്ട് അസോസിയേഷൻ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സർക്കാർ വീടുകൾ നിർമ്മിക്കാനായി 4 ലക്ഷം രൂപ വീതം നൽകും. സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും വീടുകളുടെ നിർമാണത്തിനുണ്ട്. ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി സെന്റർ, കുടിവെളള സൗകര്യം, മറ്റ് പൊതുസൗകര്യങ്ങളും ഇവിടെയുണ്ടാകും.