കോഴിക്കോട്: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നുവന്ന നാല് പേർക്കും സൗദിയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം. നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ രോഗമുക്തി നേടി. അതെസമയം ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 211ആയി. 103 പേരാണ് രോഗമുക്തി നേടിയത്. 107 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഒരാൾ മരിച്ചിരുന്നു. ഇന്നലെ 204 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. 10785 സ്രവ സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.

രോഗം ബാധിച്ചവർ

1. വില്യാപ്പള്ളി സ്വദേശിനിയായ ഗർഭിണി (30): 19ന് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തി. ടാക്‌സിയിൽ വീട്ടിലെത്തിയ ശേഷം രോഗലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
2. നരിപ്പറ്റ സ്വദേശി (25): 15ന് ഖത്തറിൽ നിന്ന് കൊച്ചിയിലെത്തി. സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കോഴിക്കോട്ടെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കൂടെ യാത്ര ചെയ്തവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആംബുലൻസിൽ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്.
3. കായക്കൊടി സ്വദേശി (49): 10ന് സൗദിയിൽ നിന്ന് കണ്ണൂരിലെത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികർക്ക് പോസിറ്റീവായതിനെ തുടർന്ന് 20ന് സ്വന്തം വാഹനത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിലെത്തി സ്രവസാമ്പിൾ എടുത്തു. എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്.
4 & 5. ഒളവണ്ണ സ്വദേശികളായ ദമ്പതികൾ (60, 54 ): 16 ന് ഖത്തറിൽ നിന്ന് കോഴിക്കോട്ടെത്തി. പ്രൈവറ്റ് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ട് 20ന് ഫറോക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

രോഗമുക്തി നേടിയവർ
എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശി (10 ), കായണ്ണ സ്വദേശിനി (34), പാലേരി സ്വദേശി (9), ചാലിയം സ്വദേശി (30), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നരിപ്പറ്റ സ്വദേശി (2 ), കൊടുവള്ളി സ്വദേശിനി (ഒരു വയസ്), കൊടുവളളി സ്വദേശിനി (25). കണ്ണൂരിൽ ചികിത്സയിലായിരുന്ന വളയം സ്വദേശി (24).

880 പേർ കൂടി നിരീക്ഷണത്തിൽ
ജില്ലയിൽ ഇന്നലെ പുതുതായി വന്ന 880 പേർ ഉൾപ്പെടെ 14809 പേരാണ് നിരീക്ഷണത്തിലുള്ളത്. 42367 പേർ നിരീക്ഷണം പൂർത്തിയാക്കി. 6307 പ്രവാസികളും നിരീക്ഷണത്തിലുണ്ട്.