സുൽത്താൻ ബത്തേരി: വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി കാവൽമാടത്തിൽ കാവലിരുന്ന വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചീരാൽ പുത്തൻപുരക്കൽ മണിയുടെ മകൻ നിഖിൽ (17) നെയാണ് കാട്ടാന കാവൽ മാടം തകർത്ത് ആക്രമിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടുകുടിയാണ് സംഭവം പരിക്കേറ്റ നിഖിലിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷിയിടത്തിലെ വാഴ, കപ്പ എന്നിവ കാട്ടാന വന്ന് നശിപ്പിക്കാതിരിക്കുന്നതിന് വേണ്ടി സമീപവാസിയായ സെബിൻ എന്ന യുവാവിനോടൊപ്പം കൃഷിയിടത്തിൽ കെട്ടിയുണ്ടാക്കിയ കാവൽ മാടത്തിൽ കിടക്കുമ്പോഴാണ് കാട്ടാന എത്തി ഇവരുടെ കാവൽ മാടം തകർത്തത്. ആന കാവൽമാടം കുത്തി മറിക്കാൻ തുടങ്ങിയപ്പോൾ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വാരിയെല്ലിനും കൈക്കും പരിക്കേറ്റത്.ഈ മേഖലയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് കർഷകർ കാവൽമാടം കെട്ടി കൃഷിക്ക് കാവൽ കിടക്കുന്നത്.
വരിക്കേരി, പാട്ടം, അയ്നിപുര, മുണ്ടക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം അതിരൂക്ഷമാണ്. നൂൽപ്പുഴ വനത്തിൽ നിന്ന് ഫെൻസിംഗും കിടങ്ങും തകർത്താണ് കാട്ടാന ജനവാസകേന്ദ്രത്തിലേക്ക് എത്തുന്നത്. കാട്ടാന നാട്ടിലിറങ്ങി വ്യാപക നാശനഷ്ടം വരുത്തുമ്പോഴും വനം വകുപ്പ് ഉദാസീന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.


കൽമതിലും കാട്ടാന തകർത്തു
സുൽത്താൻ ബത്തേരി: സംസ്ഥാന പാതയായ ബത്തേരി -പുൽപ്പള്ളി റോഡിൽ മൂന്നാം മൈലിൽ വനാതിർത്തിയോട് ചേർന്ന് നിർമ്മിച്ച കൽമതിൽ കാട്ടാന തകർത്തു. കാട്ടാന നിരന്തരം കർഷകരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുമ്പ് കൽമതിൽ സ്ഥാപിച്ചത്. ഇതാണ് കഴിഞ്ഞ ദിവസം ആന തകർത്തത്. പുതുക്കി പണിത കൽമതിമാണ് തിങ്കാളാഴ്ച രാത്രി കാട്ടാന തകർത്ത് വിളകൾ നശിപ്പിച്ചത്.
1980-ലാണ് ആനപ്രതിരോധ മതിൽ മൂന്നാം മൈൽ വനമേഖലയിൽ സ്ഥാപിച്ചത്. ആന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളെ വനത്തിനുള്ളിൽ തടഞ്ഞു നിർത്തുന്നതിന് ഫലപ്രദമായമതിലായിരുന്നു കൽമതിൽ. ഇത് സ്ഥാപിച്ചതിന് ശേഷം കാട്ടാന കർഷകരുടെ കൃഷിയിടത്തിലെത്തിയിരുന്നില്ല. മതിൽ തുടർച്ചയായി ആന തകർത്തതോടെ കർഷകർ ആശങ്കയിലാണ്. ആന തകർക്കാത്തരീതിയിൽ ഉടൻ മതിൽ നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഫോട്ടോ
മൂന്നാം മൈലിൽ കാട്ടാന തകർത്ത കൽമതിൽ


പുരോഗമന സമിതി ഉപവസിക്കും
സുൽത്താൻ ബത്തേരി: ജില്ലയിലെ വന്യ മൃഗശല്യത്തിനെതിരെ ശക്തമായ പ്രതിഷേധ സമരവുമായി കാർഷിക പുരോഗമന സമിതി 25-ന് സുൽത്താൻ ബത്തേരിയിൽ ഏകദിന ഉപവാസം നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വന്യ മൃഗങ്ങളിൽ നിന്ന് കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ പത്ത് വർഷമായി ജില്ലയിൽ മുമ്പെങ്ങുമില്ലാത്തവിധമാണ് വന്യമൃഗശല്യം വർദ്ധിച്ചത്. ഇതിനോടകം 46 പേരുടെ ജീവനും വന്യമൃഗാക്രമണത്തിൽ നഷ്ടമായി.
കാടും നാടും വേർതിരിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം അവലംബിക്കുക, കർഷകനെ കള്ളകേസിൽ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. സമരത്തിന്റെ രണ്ടാം ഘട്ടമായി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും. സമരത്തിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയായ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കും. അതോടൊപ്പം ജില്ലയിലെ വനം വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കവും നടത്തും.
25ന് രാവിലെ 9.30-ന് ബത്തേരി ഗാന്ധിജംഗ്ഷനിൽ ആരംഭിക്കുന്ന ഉപവാസ സമരം ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് ഡോ. റെമിജിയോസ് ഇഞ്ചനാനിക്കൽ ഉദ്ഘാടനംചെയ്യും. കെ.സി.ബി.സി സെക്രട്ടറി ബിഷപ്പ് ഡോജോസഫ് മാർതോമസ് , മാനന്തവാടി ബി,പ്പ് ഡോ.ജോസ് പൊരുന്നേടം, ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ ടി.എൽ.സാബു എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി, ജില്ലാ ചെയർമാൻ ഡോ.പി.ലക്ഷ്മണൻ, കൺവീനർമാരായ ഗഫൂർ വെണ്ണിയോട്, ടി.പി.ശശി എന്നിവർ പങ്കെടുത്തു.