ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഇ.കെ നായനാർ ബസ് ടെർമിനൽ തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്.
പ്രധാന കവാടത്തിൽ നിന്നും 30 മീറ്റർ അകലത്തിലാണ് ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ മുഴുവനായും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കും. മെസല്ലേനിയസ് ഫ്ലോറിൽ കുടുംബശ്രീയുടെ ഓൺലൈൻ സഹായ കേന്ദ്രം, ടൂറിസം ഹെൽപ് ഡെസ്ക് കോർണർ, ആരോഗ്യ പരിചരണ കേന്ദ്രം, എന്നിവ നിലവിൽ വരും. വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ അടിയന്തര സാഹചര്യത്തിൽ വനിതകൾക്ക് താമസിക്കുന്നതിനായി ഷീ ലോഡ്ജും ഉണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണവും ഡിസൈനിംഗും നിർവഹിച്ചത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പി ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
വ്യാപാര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ നന്ദിയും പറഞ്ഞു.