ramshad

കോഴിക്കോട്: പന്തീരാങ്കാവിൽ കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ സംഭവത്തിൽ നിറുത്താത പോയ കാറിന്റെ ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഇടക്കുറ്റിപറമ്പ് റംഷാദിനെ കൂടാതെ കാറിലുണ്ടായിരുന്ന അക്ഷയ് കുമാർ, പ്രവീൺ, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.

അപകടത്തിൽ പന്തീരാങ്കാവ് മുണ്ടോട്ട് പൊയ്‌ലിൽ വൈശാഖാണ് (27) മരിച്ചത്. പന്തീരാങ്കാവ് പൊലീസും സിറ്റി അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിന്റെ നേരത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.

ജൂൺ 13ന് രാത്രി 7.30ന് പന്തീരാങ്കാവ് ബൈപാസിൽ കൊടൽ നടക്കാവ് പെടോൾ പമ്പിന് സമീപമായിരുന്നു അപകടം. രാമനാട്ടുകരയിൽ നിന്ന് തൊണ്ടയാട് ഭാഗത്തേക്ക് വന്ന ഓട്ടോയ്‌ക്ക് പിന്നിൽ അതെ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ നിറുത്താതെ ഓടിച്ച് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഓട്ടോയിലെ യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.

എന്നാൽ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിവൊന്നും ലഭിച്ചില്ല. തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്‌പെഷൽ സ്‌ക്വാഡും പന്തീരാങ്കാവ് പൊലീസും ചേർന്ന് ബൈപാസിലെ മുഴുവൻ സി.സി ടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കാർ കണ്ടെക്കി പ്രതിയെ പിടികൂടാനായത്. പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ. തോമസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റംഷാദിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസ് നിലവിലുണ്ട്. കൂടാതെ എയർപോർട്ടിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയുടെ നാല് കിലോ സ്വർണം പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതിയുമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്വട്ടേഷൻ കേസിലും ഇയാൾ പ്രതിയാണ്.

പൊലീസ് സംഘത്തിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ. അബ്ദുൾ റഹ്‌മാൻ, രമേശ് ബാബു, സി.കെ. സുജിത്ത്, പന്തീരാങ്കാവ് എസ്.ഐ എം.കെ. രഞ്ജിത്ത്, എസ്.ഐ കുഞ്ഞിക്കോയ, സി. പി.ഒ മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു.