സുൽത്താൻ ബത്തേരി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബത്തേരി നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പട്ടണത്തിലെ മുഴുവൻ ബാർബർ, ബ്യൂട്ടീഷ്യൻ ഉടമകളുടെയും തൊഴിലാളികളുടെയും യോഗം നഗരസഭാ ടൗൺ ഹാളിൽ ചേർന്നു. സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നു എന്ന ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നഗരസഭ ചെയർമാൻ അടിയന്തിര യോഗം വിളിക്കാൻ നിർദ്ദേശിച്ചത്.
ഷോപ്പുകൾക്ക് ഉദ്യോഗസ്ഥർ കർശന നിർദ്ദേശങ്ങൾ നൽകി. കട തുറക്കുന്നതിന് മുമ്പ് ഉപകരണങ്ങളും റൂമും അണുവിമുക്തമാക്കണം. കടയ്ക്ക് പുറത്ത് കൈകഴുകാനുളള സോപ്പു വെളളം ഉണ്ടാകണം. കടയിൽ ഹാന്റ് സാനിറ്റൈസർ, പേപ്പർ നാപ്കിൻ, ഗ്ലൗസ്, ഡിസ്‌പോസിബിൾ ഏപ്രൺ എന്നിവ ഉണ്ടാകണം. ഓരോ പ്രാവശ്യവും ജോലി കഴിഞ്ഞ് ഉപകരണങ്ങളും ഗ്ലൗസും മാറ്റണം. കൂടാതെ ഓരോ പ്രാവശ്യം ഗ്ലൗസ് വേറെ വേറെ ധരിക്കണം. കടയിൽ ജോലി ചെയ്യുന്നവർ നിശ്ചിത അകലം പാലിയ്ക്കണം.
വൈകീട്ട് കടകളിലെ മാലിന്യങ്ങൾ സ്വന്തം നിലയിൽ സംസ്‌ക്കരിക്കണം. പൊതുസ്ഥലങ്ങളിൽ വലിച്ചറിയരുത്. ക്രീമുകൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതില്ല. ബാർബർ ഷോപ്പുകളിൽ എത്തുന്നവർക്ക് ഡിസ്‌പോസിബിൾ ഏപ്രൺ നൽകുകയും ആവശ്യമായ തുക ഈടാക്കാവുന്നതുമാണ്. ഉപയോഗത്തിന് ശേഷം അവ തിരികെ കൊടുത്തുവിടരുത്.
നിബന്ധനങ്ങൾ പാലിക്കാതെയുളള സ്ഥാപനങ്ങൾക്കെതിരെ പരിശോധന ഉണ്ടാകുമെന്നും നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
നഗരസഭ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ സി.കെ.സഹദേവൻ, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എസ്.സന്തോഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.ബജിത്ത്, എ.ജെ.ഇമാനുവൽ എന്നിവർ പങ്കെടുത്തു.