സുൽത്താൻ ബത്തേരി: നഗരസഭ നിർമ്മിച്ച രാജീവ് ഗാന്ധി മിനി ബൈപാസിനെതിരെ യു.ഡി.എഫ് നേതാക്കൾ നടത്തിയ അഴിമതിയാരോപണം ബൈപ്പാസ് നിർമ്മാണം പൂർത്തികരിച്ചതിലുളള വിഭ്രാന്തി മൂലമാണെന്ന് ഭരണസമിതി അംഗങ്ങൾ.
1980-ൽ ആരംഭിച്ച് യു.ഡി.എഫ് ഭരണകാലത്ത് പൂർത്തിയാക്കാതെ പതിറ്റാണ്ടുകളായി മുടങ്ങികിടന്ന ബൈപ്പാസ് നിർമ്മാണം പുതിയ നഗരസഭ ഭരണസമിതി അധികാരത്തിൽ വന്നതിന് ശേഷമാണ് സജീവമാക്കിയത്. നിയമ കുരുക്കിൽ കിടന്ന ഭൂമി ഭൂ ഉടമകളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ബൈപ്പാസ് നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകുകയായിരുന്നു.
റോഡ് നീർത്തട സംരക്ഷണ പരിധിയിൽ വരുന്നതിനാൽ സർക്കാരിൽ നിന്ന് അടിയന്തിര അനുമതി വാങ്ങിയതിന് ശേഷമാണ് പണി തുടങ്ങിയത്. വിവിധ ഘട്ടങ്ങളിലായി രണ്ട് കോടി രൂപയാണ് മിനി ബൈപ്പാസിന്റെ നിർമ്മാണത്തിന് ചെലവഴിച്ചത്. നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.

യു.ഡി.എഫ് ഭരണകാലത്ത് നിർമ്മിച്ച ബൈപ്പാസിന്റെ ആദ്യഭാഗം 850 മീറ്റർ ദൂരം ഗ്രാമീണ റോഡിന്റെ ഗുണനിലവാരം പോലും ഇല്ലാത്തതിനാൽ പൊളിച്ചുകളഞ്ഞ് നൂതന രീതിയിൽ ബൈപ്പാസ് നിലവാരത്തിലേക്ക് കൊണ്ടു വന്നു. ഭൂമി വിട്ടുകിട്ടിയ ഭാഗത്ത് 5 മീറ്റർ വീതിയിൽ ടാറിംഗ് പൂർത്തിയായി കഴിഞ്ഞു. റോഡിന്റെ തുടക്കത്തിലും മധ്യഭാഗത്തും വെള്ളം കെട്ടികിടക്കുന്ന സ്ഥലമായതിനാൽ ആ ഭാഗത്ത് കോൺക്രീറ്റ് ചെയ്തിരിക്കുകയാണ്. ഇത് ഉറയ്ക്കുന്നതിന് 28 ദിവസം കഴിയണം. റോഡിന്റെ ഇരുവശങ്ങളിലും മണ്ണിടുകയും സംരക്ഷണ കാലുകൾ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തികൾ കഴിഞ്ഞാൽ ബൈപ്പാസ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.
ജില്ലയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ കൽപ്പറ്റയിലെ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് പ്രവർത്തി ടെണ്ടർ എടുത്ത് നിർമ്മാണം പൂർത്തികരിച്ചത്. തങ്ങളുടെ ഭരണ കാലത്ത് ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യുന്നതു കൊണ്ടുളള അസൂയയാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി.കെ.സഹദേവൻ, പി.കെ.സുമതി, എൽ.സി.പൗലോസ്, ബാബു അബ്ദുൾറഹിമാൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.