ഫറോക്ക്: ഒറ്റമുറി വീട്ടിൽ 13 വർഷം ഇരുട്ടിൽ കഴിഞ്ഞ വയോധികയ്ക്ക് വൈദ്യുതി കണക്ഷൻ നൽകി മാറാട് ജനമൈത്രി പൊലീസ്. അരക്കിണർ സാഗരസരണിക്കടുത്ത് അണ്ടടിപറമ്പിൽ താമസിക്കുന്ന 66കാരി മുതിരാക്കോട്ട് സുലോചനയ്ക്കാണ് പൊലീസിന്റെ സഹായമെത്തിയത്. ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവരെയും തനിച്ച് താമസിക്കുന്നവരെയും കണ്ടെത്താൻ മാറാട് ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ധനേഷ്കുമാറും സിവിൽ പൊലീസ് ഓഫീസർ സുജാതയും നടത്തിയ അന്വേഷണത്തിലാണ് സുലോചനയെ കണ്ടെത്തിയത്. അവിവാഹിതയായ ഇവർ ബന്ധുക്കളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു. പെൻഷൻ മാത്രമായിരുന്നു ജീവിത മാർഗം. ആദ്യം ഭക്ഷണക്കിറ്റും വിളക്ക് കത്തിക്കാൻ മണ്ണെണ്ണയും നൽകിയ പൊലീസ് വീട് വയറിംഗ് ചെയ്യുന്നതിന് ഏർപ്പാടാക്കുകയും കെ.എസ്.ഇ.ബിയിൽ അപേക്ഷ നൽകി വീട്ടിൽ വൈദ്യുതി എത്തിക്കുകയുമായിരുന്നു. മാറാട് എസ് .എച്ച്.ഒ കെ.വിനോദൻ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ ധനേഷ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.കെ.രതീഷ് കുമാർ, കെ.ഷിനോജ്, ബീറ്റ് ഓഫീസർ സുജാത, സിവിൽ പൊലീസ് ഓഫീസർ പി.ജി.ഷൈജിത് എന്നിവർ പങ്കെടുത്തു.