mp
അഴിയൂരിൽ ഷോക്കേറ്റ് മരിച്ച സഹലിന്റെ വീട്ടിൽ കെ.മുരളീധരൻ എംപി എത്തിയപ്പോൾ

വടകര: തോട്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് അഴിയൂരിൽ ഒരു ബാലനുൾപ്പെടെ രണ്ടു പേർ മരിച്ച സംഭവത്തിൽ ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും വൈദ്യുതി ബോർഡും അന്വേഷണം തുടങ്ങി. കെ.എസ്.ഇ.ബിക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം. കളിക്കുന്നതിനിടെ തോട്ടിൽ തേങ്ങ വീണത് കണ്ട് അതെടുക്കാൻ ഇറങ്ങിയപ്പോഴാണ് മരുന്നറക്കൽ വീട്ടിൽ സഹലിന് (12) വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാൻ പാഞ്ഞെത്തിയ അയൽവാസി നെല്ലോളി ഇർഫാനും (20) ഷോക്കേറ്റു വീഴുകയായിരുന്നു. കെ. മുരളീധരൻ എംപി ഇന്നലെ സഹലിന്റെയും ഇർഫാന്റെയും വീട് സന്ദർശിച്ചു. ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് കോട്ടയിൽ രാധകൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. അയൂബ്, പി. ബാബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു.ക ൺവീനർ പി. ബാബുരാജ്, ഇ.ടി. അയ്യൂബ്, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, സി. സുഗതൻ, എം. ഇസ്മായിൽ, ഹാരിസ് മുക്കാളി, കെ.പി. രവീന്ദ്രൻ, വി.പി. പ്രകാശൻ, എം.വി.സെനീദ്, കെ.കെ. ഷെറിൻകുമാർ, കെ.കെ.പി. ഫൈസൽ എന്നിവർ പ്രസംഗിച്ചു.