ഒളവണ്ണ: മലബാറിലെ കൊടുങ്ങല്ലർ എന്നറിയപെടുന്ന ഒളവണ്ണ കുന്നത്തു പാലം പാലകുറുമ്പ ഭഗവതി ക്ഷേത്രത്തിലെയും കോന്തനാരി കൊല്ലറക്കൽ ഭഗവതി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളിൽ ഒരേ ദിവസം മോഷണം നടന്നു. പാലകുറമ്പ ക്ഷേത്രത്തിലെ സി.സി ടി.വിയിൽ രണ്ടംഗ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞെങ്കിലും വ്യക്തതയില്ല. പുലർച്ചെ മൂന്നിനും 3.30നുമിടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ 10 ലോക്കർ ടൈപ്പ് ഭണ്ഡാരങ്ങളിൽ ഏഴും കുത്തിത്തുറന്നു. ക്ഷേത്ര നടയിലെ ഭണ്ഡാരം തുറക്കാനായില്ല. മോഷണവിവരം പൂജാരിയാണ് ആദ്യമറിഞ്ഞത്. ടൂ വീലറിലാണ് സംഘം എത്തിയതെന്നാണ് സൂചന.
കൊല്ലറക്കൽ ഭഗവതി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടരയോടെയാണ് മോഷണമുണ്ടായത്. ഇവിടെത്തെ രണ്ട് ഭണ്ഡാരങ്ങളാണ് തകർത്തത്. ഒരെണ്ണം റോഡിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. പന്തീരങ്കാവ് സി.ഐയും സംഘവും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊവിഡ് നിയന്ത്രണമുള്ളതിനാൽ വലിയ തുക ഭണ്ഡാരങ്ങളിലുണ്ടാകാൻ സാദ്ധ്യതയില്ല. 2004 ലും പാലകുറുമ്പ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു.