എഴുത്തിന്റെ ലോകത്ത് 42 വർഷം പിന്നിടുകയാണ് മുരളീധര പണിക്കർ. എഴുതാനിരുന്നാൽ മറ്റൊരു ചിന്തയുമില്ല; അക്ഷരങ്ങളിൽ വെളിച്ചം പകരുക മാത്രം. മലയാള സാഹിത്യത്തെ ജനകീയമാക്കിയ എഴുത്തുകാരിൽ പ്രമുഖനാണ് ബേപ്പൂർ ടി.കെ.മുരളീധര പണിക്കർ. പന്ത്രണ്ടാം വയസ്സിലാണ് ആദ്യ നാടകമായ മുഹബത്ത് രചിക്കുന്നത്. പിൽക്കാലത്ത് ബേപ്പൂർ യുവജന ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് അരങ്ങിലെത്തിച്ച നാടകത്തിലൂടെ പണിക്കർ സാഹിത്യലോകത്ത് ചുവടുറപ്പിച്ചു. ലിപി പബ്ളിക്കേഷൻസിന്റെ കീഴിൽ നാല്പതിലേറെ നോവലുകളും ഭക്തിഗാനങ്ങളും, കവിതകളും രചിച്ചിട്ടുണ്ട്. സംവിധായകനായ എ.ടി അബുവിന്റെ കൈ പിടിച്ചാണ് പണിക്കരുടെ സാഹിത്യത്തിലേക്കുള്ള രംഗപ്രവേശം. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം 'കൃഷ്ണസഖി' നോവൽ എഴുതി. ആ നോവൽ സിനിമയാക്കാനായിരുന്നു പ്ളാൻ. എന്നാൽ അബുവിന്റെ ആകസ്മിക മരണരത്തെ തുർന്ന് നോവൽ അഭ്രപാളികളിൽ എത്താതെ പോയി. എങ്കിലും ചെറിയകാലം കൊണ്ട് മലയാള സാഹിത്യത്തിൽ തന്റേതായ ഒരിടം കണ്ടെത്താൻ പണിക്കർക്ക് സാധിച്ചു.
@ ജ്യോതിഷത്തിലേക്ക്
25ാം വയസിലാണ് ജ്യോതിഷ മേഖലയിലേക്ക് കടക്കുന്നത്. ജ്യോതിഷം തന്റെ കുലത്തൊഴിലാണ്. അതിന്റെ പവിത്രത ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജ്യോതിഷത്തെ പലരും ദുരുപയോഗം ചെയ്യുന്നു. കടൽ പോലെ ഒരുപാട് പഠിക്കാനുള്ള ഒരു സംഗതിയാണ്. ജ്യോതിഷ ശാസ്ത്രം പാഠ്യവിഷയമാക്കുന്നതിലൂടെ ഇത്തരം വ്യാജ ജ്യോതിഷിമാരെ തടയാൻ കഴിയുമെന്നും പണിക്കർ പറയുന്നത്.
@ കൃതികൾ
പണിക്കരുടെ തൂലികയിൽ നിന്ന് മലയാള സാഹിത്യത്തിന് ലഭിച്ച അനശ്വര കൃതികളാണ് പാഥേയം, അഴിനില, മൂകസന്ധ്യ, ജ്യോതിഷപ്രഭ, ചുംബനസമരം, മുഹബത്ത്, ഹരിഹരനാദം, ഗ്രാമം, മതങ്ങളെ സാക്ഷി, വെളിച്ചപ്പാതയിലെ സ്വപ്നലോകം, കൃഷ്ണസഖി, ഒരു യാത്രയുടെ അന്ത്യം, സൂര്യപുത്രിയുടെ ഒാർമ്മയ്ക്ക്, മൺതോണി, സീതാപാതി, ബേപ്പൂർ തമ്പി, മെമ്മറി കാർഡ്, നക്ഷത്രഗന്ധി പൂക്കുമ്പോൾ, ആകാശ ചിറകുകൾ, മനസ്സറിയാതെ, ഏറനാടിന്റെ കറുത്ത സൂര്യൻ, അകലെയാണ് മിയ എന്നിവ. 2019 നവംബറിൽ കൊവിഡിനെക്കുറിച്ച് എഴുതിയ അനാമികയാണ് അവസാനം എഴുതിയ കൃതി. ഉണങ്ങാത്ത മുറിവുകൾ എന്ന നോവലിന്റെ പണിപ്പുരയിലാണ് പണിക്കർ.
@പുരസ്കാരങ്ങൾ
ജ്യോതിഷ ശ്രേഷ്ഠാചാര്യ പുരസ്കാരം, പരാശരി, ആര്യഭട്ടീയം, ഭാസ്കരീയം, കർമ്മ കീർത്തി, ജ്യോതിശാസ്ത്ര പരിഷത്ത് വിശിഷ്ഠ പുരസ്കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2020ലെ ഇന്റർനാഷണൽ പീസ് കൗൺസിൽ ഏർപ്പെടുത്തിയ പാരമൗണ്ട് ലിറ്റററി അവാർഡ് പണിക്കർ സ്വന്തമാക്കി. അമേരിക്കൻ ഫെഡറേഷൻ ഒാഫ് ആസ്ട്രോളജി ഗവേഷണ വിഭാഗം അംഗവും പണിക്കർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന ചെയർമാനുമാണ് .
@കലയിലെ കൈയൊപ്പ്
മുരളീധര പണിക്കരുടെ കൈ എത്താത്ത മേഖലകളില്ലെന്ന് പറയാം. എഴുത്തുകാരൻ, കവി, ഗാനരചയിതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച അത്ഭുത പ്രതിഭയാണ് പണിക്കർ. കീർത്തനങ്ങളോടും ഭക്തിഗാനങ്ങളോടും എന്നും കമ്പമുണ്ടായിരുന്നു. 2008ൽ പുറത്തിറങ്ങിയ ഹരിഹരനാദം ഭക്തിഗാനത്തിന്റെ രചയിതാവാണ്. 15 വർഷത്തോളം റഷീദിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചിട്ടുണ്ട്. കർണാടക സംഗീതവും സ്വായത്തമാക്കി.
@കുടുംബം
പാരമ്പര്യമായി സമ്പന്നമായ തിരുമലമ്മൽ കളരിക്കൽ തറവാട്ടിലെ ഭാസ്കര പണിക്കരുടെയും കല്ല്യാണിയുടെയും മകനാണ് ബേപ്പൂർ മുരളീധര പണിക്കർ എന്ന ടി.കെ.മുരളീധര പണിക്കർ. ഭാര്യ: ഷീന, മക്കൾ: അഖില, അപർണ്ണ, അഖിൽ.