നാദാപുരം: പുറമേരി പഞ്ചായത്തിലെ അരൂരിലുണ്ടായ സി.പി.എം ആക്രമണത്തിൽ മൂന്ന് ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർക്ക് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും കുറ്റ്യാടി മണ്ഡലം മുൻ പ്രസിഡന്റുമായ ടി.കെ.രാജൻ, ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് ഗോകുൽ പ്രസാദ്, ആർ.എസ്.എസ്. പ്രവർത്തകൻ വി.കെ.ഷൈജു എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി അരൂരിൽ ബി.ജെ.പി പ്രവർത്തകന്റെ വീട് ഒരു സംഘം ആക്രമിച്ചിരുന്നു. ഇത് അന്വേഷിക്കാൻ അരൂർ മലയാടപൊയിലിലെ വീട്ടിലെത്തിയതായിരുന്നു മൂന്ന് പേരും. ബൈക്കിൽ തിരിച്ചു പോകുന്നതിനിടെ അരൂർ നടേമ്മൽകാരയിൽ മുക്ക് കനാലിനടുത്ത് വെച്ച് സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തക‌ർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പേർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.