രൂപരേഖ തയ്യാറാക്കിയത് : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് അസോ. കോഴിക്കോട് ചാപ്റ്റർ
വീടുകൾ 650 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ
ഒരു വീടിന് ചെലവ് 6.5 ലക്ഷം രൂപ
4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നൽകും
മേപ്പാടി: റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ടിന് കീഴിലെ പുത്തുമല പുനരധിവാസ പദ്ധതിക്കായി കണ്ടെത്തിയ പൂത്തകൊല്ലിയിലെ സ്നേഹഭൂമിയിൽ ഇനി വീടുകൾ ഉയരും. പുത്തുമലയിലെ ദുരന്തബാധിത കുടുംബങ്ങളുടെ ആഗ്രഹം പോലെ എല്ലാവർക്കും ഒന്നിച്ചു കഴിയാവുന്ന വിധത്തിലുള്ള ഭവന സമുച്ചയങ്ങളാണ് ഇവിടെ ഉയരുക.
കോട്ടപ്പടി വില്ലേജിലെ ഏഴ് ഏക്കർ ഭൂമിയിൽ 56 വീടുകളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക. ഇതിൽ 52 പ്ലോട്ടുകൾക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്.
വീടുകൾക്ക് പുറമേ ഹെൽത്ത് സെന്റർ, കമ്മ്യൂണിറ്റി സെന്റർ, കുടിവെളള സൗകര്യം, അങ്കണവാടി, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാകും. പ്രദേശത്തേക്ക് മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡും ഒരുക്കിയിട്ടുണ്ട്. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് പുത്തുമല പുനരധിവാസ പദ്ധതി 'ഹർഷം' എന്ന പേരിലാണ് അറിയപ്പെടുക.
റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ ശശീന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള റിപ്പോർട്ട് അവതരിപ്പിച്ചു. രാഹുൽഗാന്ധി എം.പി യുടെ സന്ദേശം ജില്ലാകളക്ടർ വായിച്ചു. എം.വി ശ്രേയാംസ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, അസിസ്റ്റന്റ് കളക്ടർ ഡോ.ബൽപ്രീത് സിങ്, ഡെപ്യൂട്ടി കളക്ടർ ഇ.മുഹമ്മദ് യൂസഫ്, തഹസിൽദാർ ടി.പി അബ്ദുൾ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു.
''ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുളള മലയാളിയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ഇവിടെ ഉയരുന്ന വീടുകൾം. ഓഖിയും പ്രളയവും പോലുളള ദുരന്തമുഖങ്ങളിൽ പതറാതെ പോരാടിയ ഒരു ജനതയുടെ നേതൃത്വം വഹിക്കാനായത് സർക്കാറിന് അഭിമാനകരമാണ്. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവശേഷിക്കുളളിൽ നിന്നുകൊണ്ടാണ് അതിജീവനങ്ങൾക്ക് കരുത്ത് പകരാൻ ശ്രമിച്ചത്.
ഇ. ചന്ദ്രശേഖരൻ
റവന്യൂ വകുപ്പ് മന്ത്രി