കോഴിക്കോട്: തിരിച്ചുവരുന്ന പ്രവാസികൾ പി.പി.ഇ കിറ്റ് ധരിച്ചാൽ മതിയെന്ന സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി മലബാർ ഡവലപ്പ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ.എ.വി.അനൂപ്, പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, സെക്രട്ടറി പി.ഐ.അജയൻ എന്നിവർ അറിയിച്ചു. മേയ് 8ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കും ഈ നിർദ്ദേശം കൗൺസിൽ സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ മേൽത്തരം പി.പി.ഇ കിറ്റുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. കൊച്ചി വിമാനത്താവളത്തിനടുത്ത് 400 മുതൽ 500 രൂപ വരെ വിലയിൽ കിറ്റുകൾ ലഭ്യമാണ്. ഇവിടെ നിന്ന് പോകുന്ന വിമാനങ്ങളിൽ അയച്ച് ബോഡിംഗ് പാസിനോടൊപ്പം നൽകിയാൽ കുറഞ്ഞ നിരക്കിലും സുരക്ഷയിലും പ്രവാസികൾക്ക് നാട്ടിലെത്താമെന്നും കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.