കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കെ.ടി. ബീരാൻ കോയയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിർമ്മാണം തുടങ്ങിയ ഡ്രെയ്നേജിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്ലായിപ്പുഴയും കനോലി കനാലും ചേരുന്ന ഭാഗത്തെ ചെളി നീക്കംചെയ്യാതെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവില്ല. പുഴയിൽ നിന്നെടുക്കുന്ന ചെളി കൊണ്ടിടാൻ സ്ഥലമില്ലാത്തതിനാൽ കരാറുകാർ പ്രവൃത്തി ഏറ്റെടുക്കുന്നില്ല. ചെളി ആഴക്കടലിൽ നിക്ഷേപിക്കുകയാണ് സാദ്ധ്യമായ മാർഗം. ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും മേയർ പറഞ്ഞു.