കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയം.
സി.പി.എമ്മിലെ അഡ്വ. സി.കെ.സീനത്ത് അവതരിപ്പിച്ച പ്രമേയം 14നെതിരെ 47 വോട്ടിന് കൗൺസിൽ യോഗം പാസാക്കി. പ്രമേയത്തെ കോൺഗ്രസും മുസ്ലിം ലീഗും എതിർത്തു. ബി.ജെ.പിയുടെ ഏഴ് അംഗങ്ങൾ നിഷ്പക്ഷത പാലിച്ചു.

സ്ത്രീത്വത്തെ അപമാനിച്ച മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസും കേരളത്തിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് സി.കെ.സീനത്ത് ആരോപിച്ചു. എന്നാൽ റാണിയും രാജകുമാരിയും നല്ല വാക്കുകളാണെന്ന് കോൺഗ്രസിലെ പി.എം. നിയാസ് തിരിച്ചടിച്ചു. ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി.ബാബുരാജ്, നമ്പിടി നാരായണൻ, വിദ്യ ബാലകൃഷ്ണൻ, എം. ശ്രീജ, ഉഷാദേവി, ശ്രീജ ഹരീഷ്, പി.ബിജുരാജ്, സി.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

എരവത്ത് കുന്നിൽ നഗരസഭയുടെ സ്ഥലം കൈയേറിയെന്ന വിഷയത്തിൽ പരിശോധിച്ച് നടപടിയെടുക്കാൻ മേയർ നഗരാസൂത്രണ വിഭാഗത്തിന് നിർദ്ദേശം നൽകി. നഗരത്തിലെ മറ്റ് ഭാഗങ്ങളിൽ കൈയേറ്റമുണ്ടോയെന്ന കാര്യവും പരിശോധിക്കുമെന്ന് എം.പി.രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മേയർ പറഞ്ഞു. മൂഴിക്കൽ ഒതയോത്ത് കനാൽ ഇടിയുന്നത് തടയാൻ പ്രത്യേക പരിഗണന നൽകും. കഴിഞ്ഞ പ്രളയത്തിൽ പെട്ടവർക്ക് ധനസഹായം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും മേയർ പറഞ്ഞു. പി.കെ.ശാലിനി, വിദ്യാബാലകൃഷ്ണൻ, അഡ്വ. സി.കെ.സീനത്ത്, എസ്.വി.മുഹമ്മദ് ഷമീൽ, നമ്പിടി നാരായണൻ തുടങ്ങിയവരും വിവിധ വിഷയങ്ങൾ ഉന്നയിച്ചു.