കുറ്റ്യാടി: കൊവിഡിന് പിന്നാലെ ഭക്ഷ്യക്ഷാമമെന്ന ആശങ്ക മറികടക്കാൻ വള്ളിയാട് കതിർ കർഷക സ്വയം സഹായ സംഘം രംഗത്ത്. തിരുവള്ളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൃഷിയ്ക്ക് അനുയോജ്യമായ ഭൂമികളിൽ വാഴ, ചേന, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ, മരച്ചീനി എന്നിവ വിളയിക്കാനാണ് തീരുമാനം. കുളങ്ങൾ പ്രയോജനപ്പെടുത്തി മത്സ്യ കൃഷിയും നടത്തും. ആദ്യഘട്ടമായി ചേന, ഇഞ്ചി കൃഷിയുടെ നടീൽ ഉദ്ഘാടനം പാറമേൽ പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം നസീറ മാമ്പിലാച്ചേരി അദ്ധ്യക്ഷത വഹിച്ചു. ജിലീഷ് ആലാറ്റിൽ, കെ.വി ശ്രീധരൻ, സി.പി. കുമാരൻ, സ്ഥലം ഉടമ ഗഫൂർ പെരുവശ്ശേരി, പി.കെ കേളപ്പൻ എന്നിവർ പങ്കെടുത്തു. കൺവീനർ വത്സൻ സ്വാഗതവും സതീഷൻ ആലാറ്റിൽ നന്ദിയും പറഞ്ഞു. ഒരു ഏക്കറിൽ ജൈവ രീതിയിൽ വാഴകൃഷി അടുത്ത ആഴ്ച തുടങ്ങും.