കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്കിലെ മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ജാഗ്രത കാട്ടണമെന്ന് കിസാൻ കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു ആവശ്യപ്പെട്ടു. കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിൽ പകൽപോലും വന്യമൃഗങ്ങൾ ഭീഷണിയാവുകയാണ്. നരിപ്പറ്റ പഞ്ചായത്തിലെ എടോനി ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ട്. മുള്ളൻപന്നിയും കാട്ടുപന്നിയും കൊവിഡ് കാല ഇടവിള കൃഷികൾ നശിപ്പിക്കുകയാണ്. റബർ, ഗ്രാമ്പു, ജാതിക്ക, കൊക്കോ തുടങ്ങിയ കാർഷികോത്പ്പന്നങ്ങളുടെ വില ക്രമാതീതമായി ഇടിഞ്ഞു. മലയോര കർഷകരുടെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.