കോഴിക്കോട്: മണ്ണിനെയും സഹജീവികളെയും ഒരുപോലെ സ്നേഹിക്കുന്ന പച്ചമനുഷ്യൻ. ചെത്തുകടവ് ചോലക്കമണ്ണിൽ മാക്കുഴിയിൽ ജയരാമനെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടുമില്ല അതിശയോക്തി.
കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ പാലിയേറ്റിവ് കെയർ രംഗത്ത് ജനകീയപങ്കാളിത്തത്തോടെ രൂപം കൊണ്ട കർമ്മമാതൃകയിലെ തുടക്കക്കാരിലൊരാൾ. ഇപ്പോഴും ആശ്രയ പാലിയേറ്റിവ് കെയർ സെന്ററിന്റെ മുൻനിരക്കാരിലൊരാളായി സാന്ത്വന വഴിയിൽ സജീവസാന്നിദ്ധ്യം.
മണ്ണിനോടുമുണ്ട് ഇതേ അടുപ്പം. മികച്ചൊരു കർഷകൻ കൂടിയായ ജയരാമൻ നഴ്സറി നടത്തിപ്പുകാരനായി ദിവസവും നല്ലൊരു പങ്ക് സമയം തൈകളുടെയും ചെടികളുടെയും ലോകത്ത് നിറയുന്നുമുണ്ട്.
കർഷകനെന്ന നിലയിൽ വിളകളെക്കുറിച്ചും സസ്യജാലവൈവിദ്ധ്യത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. ആ അറിവുകൾ പങ്കുവെക്കുന്നതിൽ വല്ലാത്ത ഉത്സാഹവുമാണ്. ചെത്തുകടവിൽ വീടിനു ചുറ്റുമായി തരാതരം പച്ചക്കറികൾ വിളയിക്കുന്നുണ്ട്.
അടുത്ത സുഹൃത്ത് പപ്പന്റെ പ്രോത്സാഹനമാണ് മണ്ണിലേക്കും കൃഷിയിലേക്കും തിരിയാനിടയാക്കിയതെന്ന് ജയരാമൻ പറയുന്നു. മണ്ണുത്തി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിലെ വിശാലമായ ഫാമുകൾ കണ്ടതോടെ ആവേശമായി. ഇങ്ങനെയാണ് എട്ടു വർഷം മുമ്പ് സ്വന്തമായി നഴ്‌സറി തുടങ്ങുന്നത്. മൾബെറി, പട്ടുനൂൽപുഴു കൃഷിയിലും അഞ്ചു വർഷത്തോളം സജീവമായിരുന്നു.
അതിനിടയ്ക്ക് തട്ടുകടയും നടത്തിയിരുന്നു. കാരന്തൂർ നഴ്സറിയെന്ന പേരിൽ കാരന്തൂരിലായിരുന്നു തുടക്കം. 2018-ൽ പാലാഴി റോഡിൽ പൊറ്റമ്മലിൽ ചിന്മയ വിദ്യാലയയ്ക്കു സമീപത്തേക്ക് നഴ്‌സറി മാറ്റി. അതിനിടയ്ക്ക് തട്ടുകട വേണ്ടെന്നു വെച്ചു. നഴ്സറിയിൽ കൂടുതൽ മുഴുകിയതോടെ വീടുകളിൽ ഉദ്യാനവും ലോണും മറ്റും ഒരുക്കുന്ന പ്രവൃത്തിയും ഇദ്ദേഹം ഏറ്റെടുക്കുന്നുണ്ട്.
അത്താണിയായി
ആശ്രയ
സഹജീവികളുടെ കണ്ണീരൊപ്പാനുള്ള സാന്ത്വന പരിചരണ രംഗത്ത് എത്തുന്നത് 19 വർഷം മുമ്പാണ്. വേദന താങ്ങാനാവാതെ ദിവസങ്ങൾ തള്ളിനീക്കേണ്ടി വരുന്ന അർബുദ രോഗികളടക്കമുള്ളവർ... പാലിയേറ്റിവ് കെയറിലൂടെ അവരുടെ മുഖത്ത് തെല്ലെങ്കിലും ചിരി പടർത്താൻ കഴിയുന്നുവെന്ന് ബോദ്ധ്യപ്പെട്ടതോടെ ജീവിതത്തിൽ അതിനേക്കാൾ വലിയ പുണ്യം മറ്റൊന്നില്ലെന്ന് തിരിച്ചറിയുകയായിരുന്നു.
ഷഷ്ഠിപൂർത്തിയോടടുത്തെങ്കിലും ക്ഷീണമറിയാതെ ഇപ്പോഴും കുന്ദമംഗലത്തും പരിസരത്തുമായി ഒട്ടേറെ രോഗികൾക്ക് ആശ്വാസം ചൊരിയാൻ ഇദ്ദേഹവും സഹപ്രവർത്തകരും എത്തുന്നു. കുറേയേറെ പേർക്കെങ്കിലും സാന്ത്വന പരിചരണത്തിലൂടെ കൂടുതൽ നാളുകൾ അല്ലലില്ലാതെ ജീവിക്കാൻ അവസരമുണ്ടാക്കിയെന്നതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യവുമുണ്ട്.
കാരന്തൂരിലെ കോയ മാസ്റ്റർ, സന്തോഷ്, ബെന്നി, നമ്പ്യാർ അങ്ങനെ ഒരു ചെറുസംഘത്തിൽ നിന്നായിരുന്നു ആശ്രയ പാലിയേറ്റിവ് കെയർ സെന്ററിന്റെ തുടക്കം. ഇന്നിപ്പോൾ ഈ പ്രസ്ഥാനം വളർന്നു പന്തലിച്ചു. പലരും ഈ പ്രവർത്തനത്തിന് സാമ്പത്തികമായി സഹായിക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് ഡോക്ടർമാരുടെ ക്ലിനിക്കിൽ മരുന്നു എടുത്തുകൊടുക്കാൻ തുടങ്ങിയപ്പോൾ രോഗികളുടെ ദുരിതം നേരിട്ട് മനസിലാക്കിയിരുന്നു. അതിനിടെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ പാലിയേറ്റിവ് വോളണ്ടിയർമാരെ പരിശീലിപ്പിക്കുന്നതായി പരസ്യം കണ്ടു പോയതാണ്. ആദ്യ ബാച്ചിൽ 120 പേർ ഉണ്ടായിരുന്നെങ്കിലും പിന്നീട് പലരും കൊഴിഞ്ഞുപോയി. ഉറച്ചു നിന്ന 25 പേരിൽ ജയരാമനുമുണ്ടായിരുന്നു.
ഇക്കാലത്ത് ഉപജീവനത്തിനായി ഒരു ഓട്ടോ വാങ്ങി. ഉച്ചയ്ക്ക് ശേഷം ജീവകാരുണ്യ പ്രവർത്തനവും രാത്രി ഓട്ടോ ഓടിക്കലുമായിരുന്നു. ഇതിനിടയിൽ രണ്ടു വർഷം പാലിയേറ്റിവ് കെയറിന്റെ കൺവീനറും ചെയർമാനുമൊക്കെയായി. ഇപ്പോൾ എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗമാണ്.
രോഗികൾക്ക് വാട്ടർ ബെഡ്, വീൽചെയർ, ഓക്‌സിജൻ, കത്തീറ്റർ, വാക്കർ, റൈസ് ട്യൂബ്, കട്ടിൽ എന്നിങ്ങനെ പലതുമായി എത്തിച്ച് നൽകാറുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം വീടുകളിൽ നഴ്‌സിന്റെ സേവനം ലഭ്യമാക്കുന്നു. മാസത്തിൽ ഒരു തവണ ഡോക്ടറുടെ പരിശോധനയും.
എം.എൽ.എ ഫണ്ട് വഴി ആംബുലൻസ് സംവിധാനമായി. കടകളിൽ സ്ഥാപിച്ച ബോക്‌സ് വഴി മാസം പതിനായിരമെങ്കിലും സംഭാവനയായി കിട്ടും. ചിലർ സ്വമേധയാ സഹായവുമായി എത്തും. ഇങ്ങനെയാണ് രോഗികൾക്ക് മരുന്നും മറ്റും എത്തിക്കാനാവുന്നത്. കെ.എൻ.നാരായണൻ നമ്പൂതിരിയാണ് യൂണിറ്റിന്റെ പ്രസിഡന്റ്. അഹമ്മദ് കുട്ടി മാസ്റ്റർ സെക്രട്ടറിയും രാമദാസ് ട്രഷററും.
കുടുംബം
ഭാര്യ പ്രേമ മക്കളായ അരുൺ, അഖിൽ എന്നിവരും ഇദ്ദേഹത്തിന് ഉറച്ച പിന്തുണയോടെ ഒപ്പമുണ്ട്. മുക്കത്ത് എ.ജെ. എക്‌സ്റേ, മദർലാബ് എന്നീ സ്ഥാപനങ്ങൾ നടത്തുകയാണ് മക്കൾ. മരുമകളിൽ അനുഷ തപാൽ വകുപ്പിലെ ജീവനക്കാരിയാണ്. പ്രസീന മലബാർ ഐ.ടി പാർക്കിലെ ജീവനക്കാരിയും.