കോഴിക്കോട്: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രധാന കവാടത്തിലൂടെ മാത്രമെ അകത്തേക്ക് പ്രവേശനം അനുവദിക്കൂ. മറ്റെല്ലാ കവാടങ്ങളും അടച്ചിടും. സിവിൽ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വാഹനങ്ങൾ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. ഇതിനായി തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. വാഹനങ്ങളിൽ ജീവനക്കാർക്കുള്ള സ്റ്റിക്കർ പതിപ്പിച്ചിരിക്കണം. ജൂലായ് ആറിനകം എംബ്ലത്തോട് കൂടിയുള്ള സ്റ്റിക്കർ പതിപ്പിക്കാനുള്ള നടപടികൾ അതത് ഓഫീസ് മേധാവികൾ സ്വീകരിക്കണം. ക്രമീകരണം സംബന്ധിച്ച് എ.ഡി.എം റോഷ്നി നാരായണന്റെ അദ്ധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനാ പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു.