കോഴിക്കോട്: ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണും ടാബും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവുന്ന 'കൈമാറാം കരുത്താവാം' സ്മാർട്ട് ചാലഞ്ചിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ലോഗോ പ്രകാശനവും കളക്ടർ സാംബശിവറാവു നിർവഹിച്ചു. ജില്ലാ ഭരണകൂടവും കണക്ടഡ് ഇനീഷ്യേറ്റീവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഉപയോഗിക്കാത്തതോ അറ്റകുറ്റപ്പണി ആവശ്യമുള്ളതോ ആയ സ്മാർട്ട്ഫോണുകളും ടാബുകളും ഇന്നു മുതൽ 30 വരെ കോഴിക്കോട് കളക്ടറേറ്റിന് മുൻവശം, മൊഫ്യൂസൽ ബസ് സ്റ്റാൻഡ്, പൊറ്റമ്മൽ മൈജി ഷോറൂമിന് മുൻവശം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തയ്യാറാക്കിയ പ്രത്യേക കളക്ഷൻ സെന്ററുകളിൽ ശേഖരിക്കും. ഇവ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ലാബിൽ അറ്റകുറ്റപ്പണി നടത്തി പൊതുവിദ്യാഭ്യാസ വകുപ്പ് വഴി ആവശ്യക്കാരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് കൈമാറും.
സ്മാർട്ട് ചാലഞ്ച് കോ ഓർഡിനേറ്റർ യു.പി.ഏകനാഥൻ, അഡീഷണൽ ജില്ലാ ജഡ്ജി ആർ.എൽ.ബൈജു, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി.സൂര്യ, അസി. കോ ഓർഡിനേറ്റർ നാസർ ബാബു, ഹരിത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രകാശ്, പ്രമോദ് മണ്ണടത്ത്, മൈജി ചെയർമാൻ എ.കെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ 7907700318, 9895176023 നമ്പറുകളിൽ ലഭിക്കും.