കോഴിക്കോട്: ജനകീയ കൂട്ടായ്മയുടെ സമ്മർദ്ദം കാരണമാണ് പ്രവാസികളുടെ മടങ്ങി വരവിന് തടസം നിൽക്കാനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിൻമാറിയതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കൊവിഡ് കാലത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിച്ചത് കടുത്ത ദ്രോഹമാണെന്നും ലീഗ് രാഷ്ട്രീയകാര്യ സമിതിക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
പ്രവാസികൾക്ക് പി.പി.ഇ കിറ്റും എൻ 95 മാസ്‌ക്കും ലഭ്യമാക്കാൻ നോർക്ക ഏകോപനം നടത്തണം. ഇതിന് പ്രവാസി സംഘടനകളുടെ യോഗം വിളിക്കണം. പി.പി.ഇ കിറ്റില്ലാത്തതിന്റെ പേരിൽ ആരുടെയും യാത്ര മുടങ്ങരുത്. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായവും തൊഴിലും ലഭ്യമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ മുസ്ലിം ലീഗ് ഓർഗനൈസിം സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ പങ്കെടുത്തു.