മുക്കം: സർട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭിക്കാൻ ഇനിയാരും മുക്കം നഗരസഭയുടെ പടി കയറേണ്ട. ഏതു സേവനങ്ങളും വീടുകളിൽ ലഭ്യമാക്കാനുള്ള സൗകര്യം നഗരസഭ ആരംഭിച്ചു. വാർഡ് തല ആർ.ആർ.ടി അംഗങ്ങൾക്ക് ഡിജിറ്റൽ സേവന പരിശീലനം നൽകിയാണ് പദ്ധതി തുടങ്ങിയത്. സാമൂഹിക അകലം പാലിക്കേണ്ടി വരുമ്പോഴും ഓണർഷിപ്പ്, ജനന, മരണ,വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇനി പ്രയാസമാകില്ല. ഈ സേവനമെല്ലാം നേരത്തെ മുതൽ ഓൺലൈനിൽ ലഭിക്കുമെങ്കിലും അതറിയാതെ പലരും ഓഫീസിൽ എത്തുകയാണ്. ഇതിന് പരിഹാരം കാണാനാണ് പരിശീലനം നൽകിയത്. ഇവരിലൂടെ സേവനങ്ങൾ വീടുകളിൽ എത്തിക്കാം. പരിശീലനംപൂർത്തിയാക്കുന്നവർക്ക് നഗരസഭ ഡിജിറ്റൽ സർവീസ് എക്സ്പർട്ട് സർട്ടിഫിക്കറ്റ് നൽകും. ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന ആദ്യ ബാച്ച് പരിശീലനം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.കെ ഹരീഷ് വിശദീകരണം നൽകി. ടെക്നിക്കൽ അസിസ്റ്റന്റുമാരായ പി.പി. ലിപിൻ, കെ.എം. ധനീഷ് എന്നിവർ നേതൃത്വം നൽകി.