കോഴിക്കോട്: മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച മീൻ ലോറി ഡ്രൈവർ പുതിയാപ്പ ഹാർബറിലെത്തിയത് കാരണം കോർപറേഷനിലെ 75ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൂടാതെ തുറമുഖം അടച്ചിട്ട ശേഷം അഗ്നിശമന സേന ഇന്നലെ രാവിലെ അണു വിമുക്തമാക്കി. കണ്ടെയിൻമെന്റ് സോണായതോടെ ഇവിടെ രാവിലെ എട്ട് മുതൽ അഞ്ച് വരെ മാത്രമെ കട തുറക്കാവൂ. ആളുകൾ പുറത്തിറങ്ങാൻ പാടില്ല. മുഴുവൻ മത്സ്യത്തൊഴിലാളികളെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കും. ജോലിയുടെ ഭാഗമായി ആന്ധ്രയിൽ പോയ ഇയാൾ ജൂൺ നാലിനാണ് തിരിച്ചെത്തിയത്. തുടർന്ന് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ സ്രവം പരിശോധിച്ചു. ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് പുതിയാപ്പയിലെത്തിയത്. തുടർന്ന് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. കൂടാതെ അടുത്ത ദിവസം ഞായറാഴ്ചയായതിനാൽ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സ‌ലായി വരുത്തിയിരുന്നു. പരിശോധനാ ഫലത്തിൽ രോഗം സ്ഥിരീകരിച്ച ശേഷമാണ് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നത്. ഇയാൾ രണ്ട് ദിവസം പുതിയാപ്പയിൽ കഴിഞ്ഞ വിവരം അറിയുന്നത് അങ്ങനെയാണ്.