lock-down-

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ കൊവിഡ് പ്രതിരോധം പൊതുവെ അയഞ്ഞ സാഹചര്യത്തിൽ പിടിമുറുക്കാൻ പൊലീസ് രംഗത്ത്.

വിപണിയിൽ വ്യാപാരികളുടെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ കണ്ട സഹകരണം ഇപ്പോഴില്ലെന്ന ആക്ഷേപമാണ് പൊലീസിന്റെത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാത്ത കട ഉടമകൾക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനാണ് പൊലീസ് തീരുമാനം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സ്പെഷ്യൽ യൂണിറ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്ന കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുവരെയുള്ള നടപടിയുണ്ടാവും. ഉടമയ്ക്കെതിരെ കേസും രജിസ്റ്റർ ചെയ്യും.

ബ്രേക്ക് ദ ചെയിൻ

മറന്നാൽ...

എല്ലാ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും ബ്രേക്ക് ദ ചെയിൻ സംവിധാനത്തിന്റെ ഭാഗമായി വെള്ളവും ഹാൻഡ് സാനിറ്റൈസറും വച്ചിരിക്കണമെന്ന് ആരോഗ്യ വിഭാഗവും ജില്ലാ ഭരണകൂടവും നിർദ്ദേശിച്ചിട്ടും മിക്കയിടത്തും ഇപ്പോൾ അങ്ങനെയൊരു ഏർപ്പാടില്ല. പല ഭാഗങ്ങളിൽ നിന്നായി ആളുകൾ എത്തുമ്പോൾ ഇത് രോഗവ്യാപനത്തിന് സാദ്ധ്യത കൂട്ടുകയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

 മാസ്ക് താഴ്‌ത്തിയാൽ...: ഉപഭോക്താക്കൾക്കു മാത്രമല്ല കടയിലിരിക്കുന്നവർക്കും മാസ്ക് നിർബന്ധമാണ്. ഇതും പലയിടത്തും കാണാനില്ല. മാസ്‌ക് ധരിച്ച ശേഷം താടിയിലേക്ക് തൂക്കിയിടുകയാണ് മിക്കവരും. കൃത്യമായി മാസ്ക് ധരിക്കാതെ എത്തുന്നവരെ കടയിൽ പ്രവേശിപ്പിക്കാനോ സാധനങ്ങൾ നൽകാനോ പാടില്ലെന്ന് ഓർമ്മിപ്പിക്കുകയാണ് പൊലീസ്.

 സാമൂഹിക അകലം

പാലിച്ചില്ലെങ്കിൽ...

കടകളിൽ സാമൂഹിക അകലം വേണമെന്ന വ്യവസ്ഥ ചില കട ഉടമകൾ തീരെ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കടയ്ക്കകത്ത് ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്നത് മറി കടന്നുകൂടാ.

 രജിസ്റ്റർ നിർബന്ധം

കടയിലേക്ക് കടക്കുംമുമ്പ് തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കുക, വന്നെത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ സൂക്ഷിക്കുക എന്നീ വ്യവസ്ഥകളും പൊതുവെ മറന്ന മട്ടിലാണ് വ്യാപാരികൾ. ഇതും പാലിച്ച പറ്റൂ എന്ന് പൊലീസ് ഓർമ്മിപ്പിക്കുന്നു.