കോഴിക്കോട്: മധുരമൂറുന്ന മാമ്പഴങ്ങളുടെ വ്യത്യസ്ത രുചി വിപണി കീഴടക്കുന്നു. വ്യത്യസ്‌ത രുചിയും മണവുമുള്ള മാമ്പഴങ്ങൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. കൂടാതെ നാടൻ മാമ്പഴവും എത്തുന്നുണ്ട്. മധുരയിലെ താരങ്ങളായ അൽഫോൻസ, മൽഗോവ, ബെങ്കാരപ്പള്ളി, കുറ്റ്യാട്ടൂർ തുടങ്ങിയ ഇനങ്ങൾക്കൊപ്പം കർപ്പൂരം, മൂവാണ്ടൻ, ഒളോർ, കപ്പായി, കിളിച്ചുണ്ടൻ, വലിയ കിളിച്ചുണ്ടൻ, കോമാങ്ങ തുടങ്ങിയ നാടൻ മാങ്ങകൾക്കും ആവശ്യക്കാരേറെയാണ്. തമിഴ്നാട്ടിൽ നിന്നെത്തിക്കുന്ന നീലമടക്കമുള്ള മാങ്ങകൾ നൂറ് രൂപയ്‌ക്ക് മൂന്ന് കിലോ വരെ കിട്ടും.
അതിനിടെ വീട്ടിലെ മാങ്ങ പഴുപ്പിച്ച് വഴിയോരങ്ങളിൽ വിൽക്കുന്നവരും സജീവമാണ്. ജ്യൂസ് കടകളിൽ മാമ്പഴ ജ്യൂസ്, ഷേക്ക് തുടങ്ങിയവയ്‌ക്കും ആവശ്യക്കാരേറെയാണ്. അനാർ, പേരക്ക, ഈത്തപ്പഴം, മുന്തിരി, കാരറ്റ് തുടങ്ങിയവയും വിപണിയിൽ സജീവമാണ്.
കച്ചവടം കുറച്ച കൊവിഡ്
കൊവിഡിനെ തുടർന്ന് മുൻവർഷങ്ങളെക്കാൾ കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. വില കുത്തനെ ഇടിഞ്ഞതും പ്രതിസന്ധിയിലാക്കി. വഴിയോരങ്ങളിലും മാർക്കറ്റുകളിലുമാണ് മാമ്പഴ വില്പന പൊടിപൊടിക്കുന്നത്. വിളവ് വർദ്ധിച്ചതോടെ പ്രാദേശികമായി സംഭരിച്ച് നാടൻ രീതിയിൽ പഴുപ്പിക്കുന്നവയ്‌ക്കും ആവശ്യക്കാരേറെയാണ്.
വിപണിയിലെ മാങ്ങവില (കിലോയ്ക്ക്)
മൽഗോവ - 80
അൽഫോൻസ - 80
മല്ലിക - 90
മൂവാണ്ടൻ - 50
നീലൻ - 50
റുമാനിയ - 60
ബെങ്കാരപ്പള്ളി - 60