കൊടിയത്തൂർ: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് താമസ സൗകര്യമൊരുക്കിയത് സർക്കാർ നിർദ്ദേശം പാലിച്ചെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള പറഞ്ഞു. സ്വന്തം വീടുകളിൽ ക്വാറന്റൈയിൻ സൗകര്യമില്ലാത്തവർക്ക് പഴമ്പറമ്പിലെ ഹിൽടോപ് സ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. പഞ്ചായത്ത് സമിതിയുടെയും സർവകക്ഷി തീരുമാനപ്രകാരവുമാണ് കൊവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. കൊടിയത്തൂരിൽ സ്ത്രീകൾക്കായി ഒരു സെന്ററും പ്രവർത്തിക്കുന്നുണ്ട്. പി.ടി.എം ഹൈസ്കൂൾ, വാദി റഹ്മ ഹോസ്റ്റൽ' എസ്.കെ.യു.പി സ്കൂൾ എന്നിവിടങ്ങളിലും താമസ സൗകര്യം തയ്യാറാണ് . ചെറുവാടി, എരഞ്ഞിമാവ്, കൊടിയത്തൂർ എന്നിവിടങ്ങളിൽ പെയ്ഡ് ക്വാറന്റൈയിൻ സെന്ററുകളാക്കാൻ ഉടമകളുമായി ധാരണയായതാണ്. ഇതിനിടെയാണ് എരഞ്ഞിമാവിൽ മറ്റ് സ്ഥലത്തുള്ളവരെ താമസിപ്പിക്കരുതെന്ന തടസ്സവുമായി കോൺഗ്രസ് നേതാവ് രംഗത്തെത്തിയത്. പ്രവാസി കുടുംബങ്ങളിലടക്കം പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ജാള്യത മറച്ചുവയ്ക്കാൻ യൂത്ത് കോൺഗ്രസ് നടത്തിയ പഞ്ചായത്ത്‌ മാർച്ച് ജനം പുച്ഛിച്ചുതള്ളുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.